ശ്രീനഗർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൂരുഹനിലയിൽ മരിച്ച 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ജമ്മുകശ്മീർ സർക്കാർ. കണ്ടെത്തിയ മൃതദേഹങ്ങളിൽ പകുതിയിലും വിഷാംശം കലർന്നതാണ്. രജൗരി ജില്ലയിലെ ബാധാൽ ഗ്രാമത്തിലെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട 17 ഗ്രാമീണരുടെ മൃതദേഹഭാഗങ്ങളാണ് കണ്ടെടുത്തത്. അതിനു പിന്നാലെ ഈ ഗ്രാമത്തിലെ ഭക്ഷ്യം സാംപിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ ശരീരത്തിൽ വിഷം കലർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
എന്നാൽ ഏതെങ്കിലും പകർച്ച വ്യാധിയിലൂടെയോ വൈറസ് വ്യാപനത്തിലൂടെയോ അല്ല 17 പേരും മരിച്ചതെന്ന് സാംപിളുകൾ പരിശോധിച്ചതിലൂടെ മനസിലായതായി നാഷനൽ കോൺഫ്രൻസ് എം.എൽ.എ ജാവീദ് ഇഖ്ബാൽ ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയവെ സംസ്ഥാന ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സാകിന ഇട്ടു അറിയിച്ചു.
ചണ്ഡീഗഢ് പി.ജി.ഐ.എം.ഇ.ആറിൽ നടത്തിയ സാംപിൾ പരിശോധനയിൽ മൃതദേഹങ്ങളിൽ അലൂമിനിയത്തിന്റെയും കാഡ്മിയത്തിന്റെയും സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്. ലഖ്നോയിലെ സി.എസ്.ഐ.ആർ-ഐ.ഐ.ടി.ആറിൽ നടത്തിയ പരിശോധനയിൽ ആൽഡികാർബ് സൾഫേറ്റ്, അസറ്റാമിപ്രിഡ്, ഡൈഈഥൈൽഡിത്തിയോകാർബമേറ്റ്, ക്ലോർഫെനാപ്പിർ എന്നിവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. സാറ്റു, ചോളം, ബ്രെഡ് എന്നിവയുടെ സാമ്പിളുകൾ ഗ്വാളിയോറിലെ ഡി.ആർ.ഡി.ഇ-ഡി.ആർ.ഡി.ഒയിൽ പരിശോധന നടത്തിയപ്പോൾ ക്ലോർഫെനാപിർ അബ്രിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. അതുപോലെ എൻ.എഫ്.എൽ, ഗാസിയാബാദ് എഫ്.എസ്.എസ്.എ.ഐയിൽ ഭക്ഷ്യ സാംപിളുകൾ പരിശോധിച്ചപ്പോൾ ക്ലോർഫെനാപ്പിറും ക്ലോർപൈറിഫോസും തിരിച്ചറിഞ്ഞതായും മന്ത്രി വിശദീകരിച്ചു.
മരണകാരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. നിരപരാധികളായ ഈ മനുഷ്യർക്ക് ആരെങ്കിലും വിഷം നൽകിയതാവാമെന്ന് സംശയിച്ചുകൂടെയെന്നും ചൗധരി ചോദിച്ചു. ഈ ദുരൂഹമരണങ്ങളുടെ പിന്നിലെ കാരണം കണ്ടെത്തണമെന്ന് സി.പി.എം എം.എൽ.എ എം.വൈ. തരിഗാമിയും ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കാനായിരുന്നു ഇവർക്ക് മന്ത്രി നൽകിയ മറുപടി.
അതിനിടെ, രജൗരിയിലെ സർക്കാർ മെഡിക്കൽ കോളജിൽ 64 രോഗികളെ പ്രവേശിപ്പിച്ചതായും അതിൽ 41 ആളുകളെ ചികിത്സക്കു ശേഷം വിട്ടയച്ചതായും സർക്കാർ ഒരു ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. 2024 ഡിസംബർ ഏഴുമുതൽ 2025 ജനുവരി 19 വരെയാണ് ഈ 17 ഗ്രാമീണരും കൊല്ലപ്പെട്ടത്. അതും അജ്ഞാതകാരണങ്ങളാൽ. മരിച്ചവരെല്ലാം മൂന്നു കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.