ബംഗളൂരുവിൽ വൻ ലഹരി​വേട്ട; 37 കിലോ എം.ഡി.എം.എയുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ യുവതികൾ

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് 75 കോടിയുടെ എം.ഡി.എം.എ പിടികൂടി. രണ്ട് ദക്ഷിണാഫ്രിക്കൻ യുവതികളിൽ നിന്നാണ് ബംഗളൂരു പൊലീസ് 37കിലോ എം.ഡി.എം.എ പിടികൂടിയത്. കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ബാംബ ഫാന്റ (31), അബിഗെയ്ൽ അഡോണിസ് (30) എന്നിവരാണ് അറസ്റ്റിലായത്. 

ഇവർ കഴിഞ്ഞ വർഷം വിമാനമാർഗം മുംബൈയിലേക്ക് 37 തവണയും ബംഗളൂരുവിലേക്ക് 22 തവണയും യാത്ര ചെയ്തതായും പൊലീസ് കണ്ടെത്തി. 

ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ, നാല് മൊബൈൽ ഫോണുകൾ, പാസ്‌പോർട്ടുകൾ, 18,000 രൂപ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. യാത്രക്കായി വ്യാജ പാസ്‌പോർട്ടുകളും വിസകളും ഉപയോഗിച്ചതായി സംശയിക്കുന്നു.

ആറ് മാസം മുമ്പ് നടന്ന ഒരു അറസ്റ്റിൽ നിന്നാണ് ഈ ഓപ്പറേഷൻ ആരംഭിച്ചതെന്ന് മംഗളൂരു പോലീസ് കമീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബറിൽ മംഗളൂരുവിലെ പമ്പ് വെല്ലിൽ നിന്ന് ഹൈദർ അലി എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ ആറ് കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരുവിൽ അറസ്റ്റിലായ പീറ്റർ എന്ന നൈജീരിയൻ പൗരനിലേക്ക് അധികൃതർ എത്തി.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) മാർച്ച് 14 ന് ബംഗളൂരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് കമീഷണർ പറഞ്ഞു.

Tags:    
News Summary - 2 Foreigners Arrested With Rs 75 Crore Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.