കോട്ടയം: വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതിയെ സഹസികമായി പിടികൂടി ഗാന്ധിനഗർ പൊലീസ്. കോട്ടയം പുല്ലരിക്കുന്ന് സ്വദേശി പാലക്കുഴി വീട്ടിൽ അരുൺ ബാബുവാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ ഒരു പൊലീസുകാരന് കുത്തേറ്റു.
കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കോട്ടയം മാള്ളുശ്ശേരി ഭാഗത്തു താമസിക്കുന്ന വയോധികയുടെ വീട്ടിൽ രാത്രി അതിക്രമിച്ചുകയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി മൂന്ന് പവന്റെ മാലയും പണവും അപഹരിച്ചു ക ടന്നുകളയുകയായിരുന്നു. കോട്ടയം എസ്.എച്. മൗണ്ട് ഭാഗത്ത് പ്രതി ഉണ്ടെന്ന വിവരം ലഭിച്ചതോടെയാണ്
ഗാന്ധിനഗർ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. പൊലീസ് എത്തിയതും ഇയാൾ കത്തി വീശി. ഇയാളുടെ കത്തി പിടിച്ചു വാങ്ങിയ സമയം കൈയിലുണ്ടായിരുന്ന മറ്റൊരു കത്തികൊണ്ട് വീണ്ടും പൊലീസിന് ആക്രമിച്ചു.
പൊലീസ് സംഘം ബലമുപയോഗിച്ച് കീഴ്പ്പെടുത്തി പ്രതിയിൽനിന്ന് കത്തി പിടിച്ചുവാങ്ങി. കസ്റ്റഡിയിൽ എടുക്കുന്ന സമയം പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു കത്തികൊണ്ട് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഗാന്ധിനഗർ സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ ബാബു 2024ൽ പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിച്ചു വരവേ കാപ്പാ നിയമം ലംഘിച്ചതിനു അറസ്റ്റിലായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ നടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കും. എസ്.ഐ ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ് വർമ, സി.പി.ഒമാരായ രഞ്ജിത്, അനൂപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.