ഇൻഡോർ: സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. അന്വേഷണത്തിെൻറ ഭാഗമാണെന്ന പേരിലാണ് പണം പൊലീസുകാർ പിടിച്ചെടുത്തത്, വിവരം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ സ്വന്തമാക്കുകയായിരുന്നു.
ഡിസംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദ് സ്വദേശിക്ക് കൈമാറാൻ നാട്ടുകാരനായ വ്യാപാരി നൽകിയ പണമായിരുന്നു ബസ് ഡ്രൈവറുടെ കൈവശമുണ്ടായിരുന്നത്. വ്യാപാരിയായ അങ്കിത് ജയിൻ എന്നയാളാണ് അഹമ്മദാബാദിൽ താമസിക്കുന്ന കനയ്യ ലാലിന് നൽകാനായി ബസ് ഡ്രൈവർ മുഖേനെ പണം കൊടുത്തയച്ചതെന്ന് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ അഭിനയ് വിശ്വകർമ പറഞ്ഞു.
കനയ്യലാലിന് പണം ലഭിക്കാതെയായതോടെ അങ്കിത് ജയിൻ ബസ് ഡ്രൈവർ നരേന്ദ്ര തിവാരിക്കെതിരെ ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് കോൺസ്റ്റബിൾമാരായ യോഗേഷ് ചൗഹാൻ, ദീപക് യാദവ് എന്നിവർ ഈ പണം തട്ടിയെടുത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
ഇതോടെയാണ് ഇരുവരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിനിടെ, ഡ്രൈവറുടെ കൈവശം ഇത്രയേറെ പണം കൊടുത്തയച്ച സാഹചര്യത്തെ കുറിച്ച് വ്യക്തതവരുത്താനായി വ്യവസായിയായ അങ്കിത് ജയിനിനെയും പൊലീസ് ചോദ്യം ചെയ്തു. ഇത്, ഹവാല പണമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറുമെന്നും അഡീഷണൽ ഡി.സി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.