കോഴിക്കോട്: എ.ടി.എമ്മില്‍ നിറക്കാൻ പണവുമായി പോകുകയായിരുന്ന യുവാവിനെ ആക്രമിച്ച് 25 ലക്ഷം രൂപ കവര്‍ന്നതായി പരാതി. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നാലോടെ കാട്ടിലപ്പീടികയിൽ നിര്‍ത്തിയിട്ട കാറിനുള്ളിൽ ആളെ കെട്ടിയിട്ടനിലയില്‍ നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാറിലും മുഖത്തും മുളകുപൊടി വിതറി കാറിന്റെ സീറ്റുകൾക്കുള്ളിൽ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. ഇന്ത്യ വൺ എ.ടി.എമ്മില്‍ പണം നിറക്കാൻ ചുമതലയുള്ളയാളാണ് താനെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.
രാവിലെ 11ഓടെ കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് അരിക്കുളം കുരുടിമുക്കിലെ എ.ടി.എമ്മിൽ പോകവെ വഴിയില്‍വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നിൽപെട്ടു. ഇവരെ വാഹനം തട്ടിയെന്ന് കരുതി പുറത്തിറങ്ങിയ സുഹൈലിനുനേരെ പര്‍ദ്ദ ധരിച്ചെത്തിയ ഒരുസംഘം ആക്രമിക്കുകയായിരുന്നു. തലക്കടിയേറ്റ് ബോധമറ്റനിലയിലായെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുകയാണെന്ന് മനസ്സിലായതെന്നും ഇയാള്‍ പറഞ്ഞു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിനെ താലൂക്കാശുപത്രിയിൽ കൊണ്ടുവന്ന് വൈദ്യപരിശോധന നടത്തി. അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.