കോഴിക്കോട്: ക്രിപ്റ്റൊകറൻസി മറയാക്കി വ്യാപാരിയിൽനിന്ന് മൂന്നു കോടിയോളം രൂപ ഓൺലൈനായി തട്ടിയതിനു പിന്നിൽ ഡൽഹി കേന്ദ്രീകരിച്ച സംഘമെന്ന് സൂചന. വ്യാജ ക്രിപ്റ്റൊകറൻസി വെബ്സൈറ്റ് മുഖേന വ്യാപാരി നിക്ഷേപിച്ച തുക പിൻവലിച്ചത് 33 ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഇവയിൽ ഒന്ന് പശ്ചിമ ബംഗാളിലെയും ഒന്ന് മഹാരാഷ്ട്രയിലെയും അക്കൗണ്ടാണ്. ബാക്കിയെല്ലാം ഡൽഹി കേന്ദ്രീകരിച്ചുള്ളവയാണ്. ഇതോടെയാണ് തട്ടിപ്പിനു പിന്നിൽ ഡൽഹി കേന്ദ്രീകരിച്ച സംഘമെന്ന് വ്യക്തമായത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട ദേശീയതലത്തിലെ ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ സമാന തട്ടിപ്പ് മറ്റു പലയിടത്തും നടന്നതായാണ് വിവരമെന്നും എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സൈബർ പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് പറഞ്ഞു.
മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ വ്യാപാരിയിൽനിന്ന് മൂന്നു മാസത്തിനുള്ളിൽ ഓൺലൈനായി 2.88 കോടി രൂപയാണ് സംഘം തട്ടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതി ക്രിപ്റ്റൊകറൻസിയായി പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും വ്യാജ വെബ്സൈറ്റ് വഴി ചേർത്ത് പണം വാങ്ങുകയുമായിരുന്നു. നിക്ഷേപിച്ച തുകക്ക് വെബ്സൈറ്റിൽ ഇരട്ടിതുക രേഖപ്പെടുത്തിയതായി കണ്ടതോടെ തുക ഇരട്ടിയായെന്ന് കരുതി വ്യാപാരി വീണ്ടും തുക കൈമാറുകയായിരുന്നു. ലാഭത്തുക പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നികുതിയായി 20 ശതമാനം തുകകൂടി ആദ്യമേ അടക്കണമെന്നു പറഞ്ഞും സംഘം കൈപ്പറ്റി. പിന്നീടാണ് തട്ടിപ്പ് വ്യക്തമായതും പരാതി നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.