ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി വില്പനക്കാരന് പിടിയില്‍. പുന്നപ്ര കളത്തട്ടുകിഴക്ക് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അനൂപ് നിവാസിൽ വിജുവിനെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസ് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ ഷഫീക്ക്, റെനീഷ്, ബിയാസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വി.പി. ജോസ്, പ്രിവന്റിവ് ഓഫിസർമാരായ അനിൽ ഇ.കെ, എസ്. അക്ബർ, എക്സൈസ് ഡ്രൈവർ ഷാജു, വനിത സിവിൽ എക്സൈസ് ഓഫിസർ സൗമിലാമോൾ എന്നിവർ റെയ്ഡില്‍ പങ്കെടുത്തു.
മാവേലിക്കര: തഴക്കര പഞ്ചായത്തിലെ പലയിടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മാലിന്യം തള്ളാൻ കൊണ്ടുവന്ന മിനി ടാങ്കർ ലോറിയുടെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് കൊച്ചുവീട് വീട്ടിൽ അനസാണ് (34) പിടിയിലായത്. മിനി ടാങ്കർ ലോറിയും മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമ മാവേലിക്കര കണ്ടല്ലൂർ സ്വദേശി സുജിത്തിനെതിരെ (34) കേസെടുത്തു. ജൂൺ 17ന് രാത്രിയായിരുന്നു സംഭവം. കുന്നം ഓക്സിജൻ ഫാക്ടറിക്ക് സമീപം അടച്ചുപൂട്ടിയിട്ട വീടിന് സമീപം പാതയോരത്താണ് മാലിന്യം തള്ളിയത്. ജൂൺ 14ന് രാത്രി മാവേലിക്കര നഗരത്തിൽ മിച്ചൽ ജങ്ഷന് തെക്ക് മിൽമ റോഡരികിലെ കോട്ടാതോടിലേക്കും സമീപത്തെ വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളിയിരുന്നു. മാവേലിക്കര നഗരസഭ സെക്രട്ടറിയും പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസും തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, കുറത്തികാട് സി.ഐ മോഹിത്, മാവേലിക്കര എസ്.ഐ നൗഷാദ് ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത ടാങ്കർ ലോറി കോടതിയിൽ ഹാജരാക്കി.
അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി സ്വദേശിയെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി രണ്ടുമാസം ഗർഭിണിയായതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.
അമ്പലപ്പുഴ: സുരക്ഷാ ജീവനക്കാരന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാരന് മനോജിനെതിരെയാണ് അമ്പലപ്പുഴ പൊലീസില്‍ യുവതി പരാതി നല്‍കിയത്. പൊലീസ് കേസെടുത്തു.
വള്ളികുന്നം: കാപ്പ നിയമ പ്രകാരം ശിക്ഷിച്ച പ്രതി നിയമ ലംഘനം നടത്തിയതിനെ തുടർന്ന് വീണ്ടും റിമാൻഡ് ചെയ്തു. വള്ളികുന്നം കണ്ണമ്പള്ളി പടീറ്റതിൽ അരുൺ പൊടിയനെയാണ് (24) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും ശിക്ഷിച്ചത്. കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഇയാൾ എല്ലാ ബുധനാഴ്ചകളിലും ചെങ്ങന്നൂർ ഡിവൈ.എസ്.പി മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കോടതി ഉത്തരവ് ലംഘിച്ചതാണ് നടപടിക്ക് കാരണം. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ബിനുവിന്റെ നിർദേശപ്രകാശം വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ അജിത്ത്, കെ.ആർ. രാജീവ്, ജി. രാജീവ്, സി.പിമാരായ രോഹിത്, മഞ്ചു, ബിനു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.