തക്കാളിത്തോട്ടത്തിൽ കാവലിരുന്ന കർഷകനെ കഴുത്തറുത്ത് കൊന്നു; ഒരാഴ്ചക്കിടെ മേഖലയിൽ കൊല്ലപ്പെടുന്ന രണ്ടാ​മത്തെയാൾ

ഹൈദരാബാദ്: വിളവെടുക്കാറായ തക്കാളി കൃഷിത്തോട്ടത്തിൽ കാവലിരുന്ന കർഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് അന്നമയ ജില്ലയിലെ പെഡ്ഡ തിപ്പ സമുദ്രയിലാണ് സംഭവം. മധുകർ റെഡ്ഡി എന്ന കർഷകനെയാണ് കൃഷിയിടത്തിൽ ഉറങ്ങുന്നതിനിടെ അർധരാത്രി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും ഡി.എസ്.പി കേശപ്പ പറഞ്ഞു.

ഒരാഴ്ചക്കിടെ മേഖലയിൽ തക്കാളിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊലപാതകമാണിത്. നേരത്തെ മദനപ്പള്ളി സ്വദേശിയായ രാജശേഖർ റെഡ്ഡി എന്ന 62കാരൻ കൊല്ലപ്പെട്ടിരുന്നു. തക്കാളി വിറ്റ പണം ഉണ്ടെന്ന സംശയത്തിൽ ഇദ്ദേഹത്തെ ഗുണ്ടാ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി പാൽ വാങ്ങാൻ ഗ്രാമത്തിലേക്ക് പോകവെയായിരുന്നു ആക്രമണം.

കർണാടകയിലെ എലഹങ്കക്കടുത്ത ചിക്കരാജ ഗ്രാമത്തിൽനിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന 2000 കിലോഗ്രാം തക്കാളി വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയ സംഭവം ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. വാഹനം പിന്തുടർന്ന കാർ വിജന സ്ഥലത്ത് എത്തിയപ്പോൾ തടയുകയായിരുന്നു. വാഹനം കാറിൽ ഉരസി എന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടാക്കിയ ശേഷം അക്രമിക്കുകയും തുടർന്ന് വാഹനത്തിൽ കയറിയ അക്രമികൾ ഡ്രൈവറെയും കർഷകരെയും ഇറക്കിവിട്ട് തക്കാളി കയറ്റിയ വാഹനം ഓടിച്ചുപോവുകയുമായിരുന്നു.

Tags:    
News Summary - A farmer who was guarding a tomato garden was hacked to death; The second person to be killed in the region in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.