കൊല്ലം: യുവാവിനെ വെട്ടിക്കൊന്നകേസിൽ അസം സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അഞ്ചൽ ചന്തമുക്കിന് സമീപം അറഫാ ചിക്കൻ സ്റ്റോളിൽ ജോലിചെയ്തിരുന്ന അസം സ്വദേശി ജലാലുദ്ദീനെ(26) വെട്ടിക്കൊന്ന കേസിൽ അസം മാഗോൺ സ്വദേശി അബ്ദുൽ അലിയെ(24) ശിക്ഷിച്ചാണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടത്.
അഞ്ചൽസ്വദേശി അലിയാരുകുഞ്ഞിന്റെ ചിക്കൻ സ്റ്റോളിലെ ജോലിക്കാരായിരുന്നു ഇരുവരും. ഇവരുൾപ്പെടെ ഇതരസംസ്ഥാന തൊഴിലാളികൾ ചിക്കൻ സ്റ്റോളിനോട് ചേർന്നായിരുന്നു താമസം. പ്രതി കൂടുതൽ സമയം മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് ജലാലുദ്ദീൻ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ 2020 ഫെബ്രുവരി അഞ്ചിന് പുലർച്ച അഞ്ചിന് കോഴിയെ വെട്ടുന്ന വെട്ടുകത്തി കൊണ്ട് ജലാലുദ്ദീനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദേഹമാസകലം 43 ഓളം വെട്ടുകളേറ്റ ജലാലുദ്ദീൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ടുണർന്ന മറ്റ് തൊഴിലാളികളെ വെട്ടാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. കൊലക്കുശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതി സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. ശേഷം കഴുത്തറുത്ത് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ അസം സ്വദേശികൾ കോടതിയിൽ മൊഴി നൽകി.
അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടക്കൽ ഹാജരായി. സഹായിയായി എസ്. ദീപ്തിയും പ്രോസിക്യൂഷൻ പരിഭാഷകനായി അഡ്വ. ഷൈൻ മൺറോത്തുരുത്തും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.