സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി, മൃതദേഹം 56 കഷ്ണങ്ങളാക്കി ബക്കറ്റിൽ കുഴിച്ചിട്ടു; നരബലിക്കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഇലന്തൂർ നരബലിക്കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലചെയ്യപ്പെട്ട റോസ്‌ലിന്റെയും പത്മയുടെയും മൃതദേഹങ്ങൾ ബക്കറ്റിലാക്കിയാണ് കുഴിച്ചിട്ടത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. റോസ്‌ലിനെ അതി ക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൈകാലുകൾ കട്ടിലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകി സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കുകയും ചെയ്തു. ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

റോസ്‌ലിനെ കൊന്നശേഷം ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് ഷാഫിക്ക് കറിവെച്ച് നൽകിയെന്നും ഇത് ഷാഫി കഴിച്ചെന്നുമാണ് ലൈയുടെ മൊഴി. കുടുംബത്തിന് അഭിവൃദ്ധി ഉണ്ടാകാൻ ഇങ്ങനെ ചെയ്യണമെന്നായിരുന്നു ഷാഫിയുടെ നിർദേശം. എന്നാല്‍, കോടതിയില്‍ ഹാജരാക്കിയപ്പോൾ താനൊരു വിഷാദ രോഗിയാണെന്നായിരുന്നു ലൈലയുടെ വാദം.

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ആളായിരുന്നു ഷാഫി. ഇയാൾ കൊടും കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇലന്തൂരിൽ എത്തിയശേഷം പത്മവും ഷാഫിയും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടായി. ഇതോടെ കേബിൾ ഉപയോഗിച്ച് പത്മത്തിന്റെ കഴുത്തിൽ മുറുക്കി. അബോധാവസ്ഥയിലാണ് ഇവരെ കട്ടിലിൽ കെട്ടിയിട്ടത്. പത്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. റോസ്‌ലിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി നിർദേശിച്ചതനുസരിച്ച് ലൈലയാണ് കത്തി കുത്തിയിറക്കിയത്. 2020ൽ കോലഞ്ചേരിയിൽ പീഡനത്തിന് ഇരയായ വൃദ്ധയുടെ സ്വകാര്യ ഭാഗത്തും ഷാഫി കത്തി കൊണ്ട് മുറിവേൽപിച്ചിരുന്നു. മാറിടം മുതൽ അടിവയർ വരെ കത്തിയുപയോഗിച്ച് വരഞ്ഞ് കീറുകയും ചെയ്തു. സമാനമായ രീതിയിലാണ് പത്മത്തിനെയും റോസ്‌ലിനെയും പ്രതികൾ ആക്രമിച്ചത്.

മൂന്ന് പ്രതികളെയും പുലർച്ചെ മൂന്നോടെ കൊച്ചിയിൽ എത്തിച്ച പൊലീസ് ഷാഫിയെയും ഭഗവൽ സിങ്ങിനെയും കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സെല്ലിലേക്കും മാറ്റി. രാവിലെ തന്നെ പ്രതികളെ കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടന്നു. വൈദ്യ പരിശോധന കഴിഞ്ഞ രാത്രി തന്നെ പൂർത്തിയാക്കിയതിനാൽ മൂവരെയും 9.45ഓടെ എറണാകുളം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെത്തിച്ചു. പ്രതികള്‍ക്കുവേണ്ടി അഡ്വ. ബി.എ ആളൂരാണ് ഹാജരായത്. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുമെന്നും ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൊച്ചി : രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ സാമ്പത്തിക ഇടപാടും നടന്നു . നരബലിക്ക് കൂലിയായി തീരുമാനിച്ചത് ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാ​ഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ് . 15,000 രൂപ മുഹമ്മദ്‌ ഷാഫി മുൻ‌കൂർ വാങ്ങി. സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്

അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ ആണെന്നും വൈദ്യൻ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നൽകി.ഇങ്ങനെയാണ് ഭഗവൽ സിങ്ങിനെ പരിചയപ്പെട്ടത് . അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈൽ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈൽ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്

മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് 8 കേസുകൾ ആണ് .ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനിൽ ഉൾപ്പെടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുത്തൻകുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസാണ് ഏക ക്രിമിനൽ കേസ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Tags:    
News Summary - A knife was inserted in the private part, the body was cut into 56 pieces and buried in a bucket -Remand report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.