ഇടുക്കി: 22,000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തതത്. തമിഴ്നാട്ടിൽ നിന്നാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡി.വൈ.എസ്.പി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സെബിൻ ജോസഫ് പിടിയിലായത്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് ഇയാളുടെ കിടപ്പുമുറിയിൽ മൊബൈൽ കവറിനുള്ളിൽ സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ ചെന്നെെയിൽ നിന്നും നോട്ടിരട്ടിപ്പ് സംഘത്തിന് ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപ വാങ്ങിയതാണെന്ന് സെബിൻ പൊലീസിനോട് പറഞ്ഞു. ബാക്കി നോട്ടുകൾ പലയിടത്തായി ചിലവഴിച്ചു.
എസ്ബിഐയുടെ വണ്ടിപ്പെരിയാർ ശാഖയിൽ കഴിഞ്ഞ ദിവസം നിക്ഷേപിക്കാനെത്തിയ പണത്തിൽ രണ്ട് കള്ളനോട്ടുകൾ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സെബിന് മുൻപും പലതരത്തിലുള്ള നിയമ വിരുദ്ധ ഇടപാടുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.