ബംഗളൂരു: കർണാടകയിലെ ഗദഗിൽ തീവ്രഹിന്ദുത്വ പ്രവർത്തകർ മുസ്ലിം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നരഗുണ്ടിൽ ചായക്കട നടത്തുന്ന ഗദഗ് സ്വദേശിയായ ഷമീർ ഷഹാപുർ (19) ആണ് കൊല്ലപ്പെട്ടത്. ഷമീറിെൻറ സുഹൃത്തായ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ഷംസീർ പദാനെ (22) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
15ഓളം വരുന്ന ആർ.എസ്.എസ് പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലതുപക്ഷ ഗ്രൂപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്നും സംഭവത്തിൽ നാലുപേർ അറസ്റ്റിലായതായും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും വർഗീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും ഗദഗ് ജില്ല പൊലീസ് മേധാവി ഡി. ശിവപ്രകാശ് പറഞ്ഞു.
വടിവാളും മറ്റും ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. തിങ്കളാഴ്ച രാത്രി 7.30ഓടെ നരഗുണ്ട് ടൗണിലാണ് സംഭവം. രാത്രിയിൽ ജോലി കഴിഞ്ഞ് സുഹൃത്തുക്കളായ ഷമീറും ഷംസീറും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നരഗുണ്ട് ബാങ്കിന് സമീപം മാരകായുധങ്ങളുമായെത്തിയ 15ഓളം പേർ തടയുകയായിരുന്നു. ഇരുവരെയും ഓടിച്ചിട്ട് വടിവാളും മറ്റുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് ബന്ധുക്കളുടെ പരാതി.
നരഗുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നരഗുണ്ട് ടൗണിൽ ആർ.എസ്.എസ്- ബജ്റംഗ്ദൾ പ്രവർത്തകർ നടത്തിയ പ്രതിഷേധ യോഗത്തിൽ ആർ.എസ്.എസ് നേതാവ് സഞ്ജയ് നാൽവഡെ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു. സംഭവത്തിനുശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.