പാറ്റ്ന: പരീക്ഷ ഹാളിലേക്കെറിഞ്ഞ തുണ്ടുകടലാസ് പ്രണയ ലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ സഹോദരങ്ങളും കൂട്ടുകാരും ചേർന്ന് 12കാരനെ കൊലപ്പെടുത്തി. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
മഹത്ബാനിയ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍നിന്ന് കൈകാലുകൾ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതൽ അന്വേഷണത്തിന് പൊലീസ് ഫോറൻസിക് വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ അര്‍ധ വാര്‍ഷിക പരീക്ഷയിൽ കോപ്പിയടിക്കാന്‍ സഹായിക്കാനാണ് 12കാരന്‍ സ്കൂളിലെത്തിയത്. പരീക്ഷ തുടങ്ങിയയുടൻ കുട്ടി ഹാളിലിരിക്കുന്ന സഹോദരിക്ക് നേരെ തുണ്ടുകടലാസുകള്‍ എറിഞ്ഞു. എന്നാല്‍, ഈ കടലാസ് മറ്റൊരു പെണ്‍കുട്ടിയുടെ ദേഹത്താണ് പതിച്ചത്.
തുണ്ടുകടലാസ് പ്രണയ ലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം സഹോദരങ്ങളോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന് 12 വയസ്സുകാരനെ മര്‍ദിച്ചു. പിന്നാലെ കുട്ടിയെ കാണാതായി. നടന്ന സംഭവം കുട്ടിയുടെ സഹോദരി വീട്ടില്‍ അറിയിച്ചു. പിന്നാലെ ബന്ധുക്കൾ കുട്ടിക്കായി തെരച്ചില്‍ തുടങ്ങുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.
തിങ്കളാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപം ഒരു കൈപ്പത്തി കണ്ടെത്തി. തുടർന്ന് പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ റെയില്‍വേ പാളത്തില്‍നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങളെത്തി വസ്ത്രങ്ങളിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാൽ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.