മൊബൈൽ ഫോൺ കവർച്ച തടയുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

ചെന്നൈ: മൊബൈൽ ഫോൺ കവരാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. ചെന്നൈ കണ്ടൻചാവടി സ്വദേശിനി എസ്. പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ രണ്ടിന് ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കോട്ടൂർപുറത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീതി ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ രണ്ടുപേരെത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടെയാണ് പ്രീതി ട്രെയിനിൽനിന്ന് വീണത്. ഫോണുമായി കവർച്ച സംഘം രക്ഷപ്പെടുകയും ചെയ്തു. ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രീതി പ്ലാറ്റ്ഫോമിൽ വീണപ്പോൾ അവിടെയുണ്ടായിരുന്നവർ ഉടൻ ആംബുലൻസ് വിളിക്കുകയോ അടിയന്തര ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹോദരൻ ആരോപിച്ചു. അവിടെയുണ്ടായിരുന്ന ഒരാൾ പ്രീതിയുടെ ഐ.ഡി കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ വിളിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ യുവതി ശനിയാഴ്ചയോടെ മരിക്കുകയായിരുന്നു.

പ്രീതിയുടെ ഫോൺ കവർച്ചക്കാർ 2000 രൂപക്കാണ് വിറ്റത്. സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ഏഴാം തീയതി ഉപയോഗിച്ച് തുടങ്ങിയതോടെ പൊലീസ് സിഗ്നൽ പിന്തുടരുകയും സി.സി.ടി.വി കാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു. 

Tags:    
News Summary - A woman died after falling from a train while preventing a mobile phone robbery; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.