തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥിയിൽനിന്ന് എട്ട് ലക്ഷം രൂപ തട്ടിയ കേസിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ. കൈമനം കുറ്റിക്കാട് ലെയ്ൻ ബീന ഭവനിൽ എസ്. സുരേന്ദ്രനെയാണ് (57) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശരാജ്യങ്ങളിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ കേന്ദ്രസർക്കാറിന്റെ ലൈസൻസ് വേണമെന്നിരിക്കെ ഇയാൾ അനധികൃതമായി ഉദ്യോഗാർഥികളെ അർമേനിയയിലേക്ക് അയച്ചതായി തമ്പാനൂർ സി.ഐ ശ്രീകുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തമ്പാനൂരിൽ ജെയിദ് എയർ ട്രാവൽ എന്ന പേരിലാണ് ഇയാൾ സ്ഥാപനം നടത്തിയിരുന്നത്. യൂറോപ്യൻ രാജ്യമായ പോളണ്ടിൽ പ്രതിമാസം 80,000 രൂപ ശമ്പളത്തിൽ പാക്കിങ് ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തമിഴ്നാട് ശുചീന്ദ്രം സ്വദേശി കാർത്തിക് (39) ആണ് തട്ടിപ്പിനിരയായത്.
പോളണ്ടിൽ ജോലിക്ക് കയറുന്നതിന് മുമ്പ് അർമേനിയയിലെ ഒരു കമ്പനിയിൽ അഞ്ചുമാസം പാക്കിങ് ജോലി ചെയ്യണമെന്നും അവിടെനിന്ന് കിട്ടുന്ന താൽക്കാലിക രജിസ്ട്രേഷൻ ഉപയോഗിച്ച് പോളണ്ടിൽ ജോലി ശരിയാക്കാം എന്നുമാണ് സുരേന്ദ്രൻ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് എട്ട് ലക്ഷവും കൈപ്പറ്റി. തുടർന്ന് കഴിഞ്ഞ ഡിസംബർ 21ന് ചെന്നൈയിൽ നിന്ന് ഫ്ലൈറ്റിൽ അർമേനിയയിലേക്ക് അയച്ചു.
എന്നാൽ അവിടെയെത്തി രണ്ടരമാസം താമസിച്ചിട്ടും ജോലി കിട്ടാതെ നാട്ടിലേക്ക് തിരികെവരുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.