കോട്ടക്കൽ: പീഡനത്തിനിരയായ 17 കാരി സ്വന്തം മുറിയില്‍ 'ആരുമറിയാതെ' പ്രസവിച്ചു. പ്രസവിച്ച പ്ലസ്ടു വിദ്യാർഥിനിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം.മലപ്പുറം കോട്ടക്കലിലാണ് 17-കാരി പ്രസവിച്ചത്. സംഭവത്തിൽ അയല്‍വാസിയായ 21 കാരൻ അറസ്റ്റിലായി. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ബലാൽസംഗത്തിനിരയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബര്‍ 20-ന് വീട്ടിലെ മുറിയ്ക്കുള്ളിലാണ് പെൺകുട്ടി പ്രസവിച്ചത്. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.
കഴിഞ്ഞ 23 നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതെ സമയം പെൺകുട്ടി രണ്ട് തവണ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ആരെയും അറിയിച്ചിട്ടില്ല. അതിൽ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.