കൊച്ചി: മോഡലുകളുടെ അപകടമരണം നടക്കുന്നതിന് ദിവസങ്ങൾ മുമ്പ് യുവനടിയും രാത്രി ദുരൂഹ സാഹചര്യത്തിൽ കൊച്ചിയിൽ വാഹനാപകടത്തിൽ പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടാണ് നടിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽെപട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തോളിന് ചെറിയ പരിക്കേറ്റ നടിയും കൂടെയുണ്ടായിരുന്നവരും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി പൊലീസ് എത്തും മുേമ്പ സ്ഥലം വിട്ടു. ന്യൂജൻ സിനിമകളിലെ സാന്നിധ്യമാണ് താരം.
അപകടത്തിൽപെട്ട രണ്ട് കാറും മത്സര ഓട്ടമെന്ന് തോന്നിപ്പിക്കുംവിധം അമിത വേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒക്ടോബർ 17ന് രാത്രി 11ഓടെ നടന്ന അപകടത്തിൽ പരാതികളില്ലാതിരുന്നതിനാൽ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. അതേസമയം, മോഡലുകളുടെ മരണത്തോടെ നഗരത്തിലെ വി.ഐ.പി നിശാ പാർട്ടികളും ലഹരിപാർട്ടികളും ചർച്ചാവിഷയമായതിനാൽ ഈ അപകടത്തിൽ ദുരൂഹതയേറുകയാണ്. എറണാകുളത്തുനിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്നതിനിടെ ചിലവന്നൂരിൽവെച്ചാണ് അപകടം. രണ്ട് വാഹനവും ഒരേ ദിശയിലായിരുന്നു. ആശുപത്രിയിലെത്തിയ നടിയുൾപ്പെടെ നാലുപേർ വിശദ പരിശോധനക്കുപോലും കാത്തുനിന്നില്ല.
നടി സഞ്ചരിച്ച കാർ പിറ്റേദിവസം രാവിലെ, ഉടമയുടെ മകനെന്ന് അവകാശപ്പെട്ടയാൾ കൊണ്ടുപോയി. കൂടെ അപകടത്തിൽപെട്ട കാർ ഓടിച്ചു കൊണ്ടുപോകാനാവാത്ത വിധത്തിലായിരുന്നതിനാൽ പൊലീസ് എത്തിയാണ് നീക്കിയത്. അപകടത്തിെൻറ സ്വഭാവവും ആശുപത്രിയിൽനിന്ന് നടിയടക്കം പെട്ടെന്ന് സ്ഥലം വിട്ടതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. നിശാപാർട്ടികളിൽ പങ്കെടുത്ത് മടങ്ങുന്ന സിനിമ -മോഡലിങ് താരങ്ങളെ പിന്തുടരാനും കുടുക്കി വരുതിയിലാക്കാനുമുള്ള പ്രത്യേക സംഘങ്ങൾതന്നെ സജീവമാണെന്നാണ് മോഡലുകളുടെ അപകടമരണത്തെ തുടർന്നുള്ള അന്വേഷണങ്ങളിൽ വെളിപ്പെടുന്നത്. ഇവരുടെ പ്രധാന ലക്ഷ്യം യുവതികളായ താരങ്ങളാണ്. മറ്റ് മേഖലകളിലെ ഉന്നതരെ ലക്ഷ്യം വെച്ചും പ്രവർത്തിക്കുന്നുണ്ട്. മോഡലുകളുടെ മരണവും ഈ രീതിയിൽ സംഭവിച്ചതാണെന്നാണ് അപകടത്തിൽപെട്ട വാഹനത്തിെൻറ ഡ്രൈവർ നൽകിയ മൊഴിയുടെയും സാഹചര്യത്തെളിവുകളുെടയും അടിസ്ഥാനത്തിൽ പൊലീസിെൻറ പ്രാഥമിക കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.