മൊബൈൽ ഫോൺ ടവർ മോഷണക്കേസിലെ പ്രതി പിടിയിൽ

പാലക്കാട്: പുതുശ്ശേരിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ ടവർ മോഷണം പോയ കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം പളളിപ്പെട്ടി കൃഷ്ണകുമാറിനെയാണ് (46) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ഫോൺ ടവറുകളാണ് കാണാതായിരിക്കുന്നത്.

പ്രവർത്തനരഹിതമായിരുന്ന ടവറുകൾ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നത് ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്. 2018ൽ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവർത്തനവും നിലച്ചു.

പ്രവർത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗൺ കാരണം ഇത് മുടങ്ങി. അടുത്തിടെ വീണ്ടും മൊബൈൽ ഫോൺ ടവർ പരിശോധിക്കാൻ എത്തിയപ്പോഴാണ് അപ്രത്യക്ഷമായിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസും കമ്പനിയും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഏഴ് ടവറുകൾ പാലക്കാട് നിന്ന് മാത്രം മോഷണം പോയതായി കണ്ടെത്തിയത്. ലോക്ഡൗൺ മുതലെടുത്താണ് പ്രതികൾ ഇതെല്ലാം കടത്തിക്കൊണ്ടുപോയതെന്നാണ് കമ്പനി അധികൃതരുടെ പരാതി.

ഒരു മൊബൈൽ ഫോൺ ടവറിന് ഏകദേശം 25 മുതൽ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.  

Tags:    
News Summary - Accused arrested for mobile phone tower theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.