നെടുങ്കണ്ടം: തമിഴ്നാട് വനത്തിൽ രണ്ടരമാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമ കേസിലെ പ്രതിയെ കമ്പംമെട്ട് പൊലീസ് സാഹസികമായി പിടികൂടി. കരുണാപുരം കട്ടേക്കാനം ആടിമാക്കൽ ചക്രപാണി എന്ന സന്തോഷ് (49) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ മനുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാം പ്രതിയായ സന്തോഷ് സംഭവത്തിനു ശേഷം നാടുവിടുകയായിരുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതും ഫോൺ ഉപയോഗിക്കാഞ്ഞതും വനത്തിനുള്ളിൽ ഒളിത്താവളങ്ങൾ മാറിയിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി. കാട്ടിലെ കായ്കനികളും മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചുമാണ് സന്തോഷ് കഴിഞ്ഞിരുന്നത്. തമിഴ്നാട്ടിലെ കിഴക്കേ പെട്ടിക്ക് സമീപമുള്ള വനത്തിൽ നിന്നും രണ്ടര മാസത്തിനു ശേഷമാണ് പിടികൂടിയത്. കാപ്പ അടക്കം സന്തോഷ് നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ നവംബർ 15നാണ് കേസിനാസ്പദമായ സംഭവം. സന്തോഷ്, മനു എന്നിവർ ചേർന്ന് മധുവിന്റെ സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് കമ്പംമെട്ട് പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. കമ്പംമെട്ട് സി.ഐ കെ. ശ്യാം, എസ്. ഐ മാരായ കെ.ബി ഷാജി, സാബു തോമസ്, അബ്ദുൾ റസാക്ക്, എസ്.സി.പി.ഒ മാരായ മനോജ്, വി.എം. ജോസഫ്, അനീഷ്, ജെറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.