ചെങ്ങന്നൂർ: നാലുകിലോ കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി ക്രിമിനൽക്കേസിലെ പ്രതി കടന്നുകളഞ്ഞു. ചെറിയനാട് ചെറുവല്ലൂർ സിജി മൻസിലിൽ സൂപ്പിയാണ് (38) കടന്നുകളഞ്ഞത്. വെൺമണി പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് കൊല്ലകടവ് പാലത്തിൽ നടത്തിയ വാഹന പരിശോധന കണ്ടാണ് ഇയാൾ കടന്നുകളഞ്ഞത്. പൊലീസ് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച രാവിലെ ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവുമായി എത്തിയ സുപ്പി ചെറുപൊതികളാക്കി വിൽപന നടത്തുന്നുവെന്ന രഹസ്യവിവരം കിട്ടിയിരുന്നു. തുടർന്ന് എത്താൻ സാധ്യതയുള്ള വഴികളിൽ പരിശോധന നടത്തിപ്പോഴാണ് ഗുഡ്സ് ഓട്ടോറിക്ഷയും നാലുകിലോ കഞ്ചാവും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
കഴിഞ്ഞവർഷം 700 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. അന്ന് മുതൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് നിരീക്ഷണത്തിലായിരുന്നു. ഓണാഘോഷത്തിന് മുന്നോടിയായി കഞ്ചാവും സിന്തറ്റിക് ലഹരിവസ്തുക്കളും ജില്ലയിലേക്ക് എത്തുന്നത് തടയാൻ വ്യാപക പരിശോധന നടത്തുന്നുണ്ട്.
ആലപ്പുഴ അഡീഷനൽ എസ്.പി സുരേഷ്കുമാർ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, വെൺമണി എസ്.ഐമാരായ ആന്റണി, അരുൺകുമാർ, സി.പി.ഒമാരായ സതീഷ്കുമാർ, അനൂപ്, ജയരാജ്, അബിൻരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.