നടൻ ദർശന്റെ ഫാംഹൗസ് മാനേജർ ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ താരം ദര്‍ശൻ തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദര്‍ശന്റെ ബെംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും വിഡിയോ സന്ദേശവും കണ്ടെത്തിട്ടുണ്ട്.

തന്റെ പ്രിയപ്പെട്ടവരാരും മരണത്തിൽ ഉത്തരവാദികളല്ലെന്നും കടുത്ത ഏകാന്തതയാണ് ജീവിതം അവസാനിപ്പിക്കാൻ കാരണമെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഇതേ കാര്യമാണ് വിഡിയോ സന്ദേശത്തിലുമുള്ളത്. അതേസമയം, ശ്രീധറിന്റെ മരണവും ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

രേണുകാസ്വാമിയെ കൊലക്കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. ആർ.ആർ. നഗർ സ്വദേശി രാജു എന്ന ധൻരാജാണ് അറസ്റ്റിലായത്. ക്രൂരമായി മർദിക്കുന്നതിനിടെ രേണുകാസ്വാമിയെ ഷോക്കേൽപ്പിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഷോക്കേൽപ്പിക്കാൻ ഉപയോഗിച്ച ഉപകരണം പൊലീസ് കണ്ടെടുത്തു. ദർശന്റെ വീട്ടിൽ വളർത്തുനായകളെ പരിപാലിക്കുന്നത് ഇയാളായിരുന്നു. 

രേണുകാസ്വാമിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് ഇനിയും കണ്ടെടുക്കാനായില്ല. മൃതദേഹം ഉപേക്ഷിച്ച ഓവുചാലിൽ ഫോൺ എറിഞ്ഞതായാണ് സംശയം. ഈ ഫോൺ ഉപയോഗിച്ചാണ് രേണുകാസ്വാമി ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ മോശം സന്ദേശങ്ങളയച്ചത്. ഫോൺ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തെളിവുകൾ ശേഖരിക്കാൻ ഇൻസ്റ്റഗ്രാമിന്റെ സഹായം തേടാനൊരുങ്ങുകയാണ് പൊലീസ്.

കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. വിജയനഗർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എസ്.കെ. ഉമേഷ് നേതൃത്വം നൽകും.

Tags:    
News Summary - Actor Darshan's Farmhouse Manager Dies By Suicide: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.