കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ മതിയായ രേഖകളുണ്ടെങ്കിൽ ഈമാസം 26നകം ഹാജരാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയുടെ അന്ത്യശാസനം. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായത് ഈ കേസിലെ ജാമ്യം റദ്ദാക്കാൻ തക്ക കാരണമാണോയെന്ന് വിചാരണക്കോടതി ചോദിച്ചു. ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങൾ തെളിവ് സഹിതം 25ന് ഹാജരാക്കിയശേഷം മാത്രമേ വാദം കേൾക്കൂവെന്ന് കോടതി വ്യക്തമാക്കി.
ജാമ്യഹരജി തള്ളുന്നതും ജാമ്യം അനുവദിക്കുന്നതും പോലെയല്ല ഒരിക്കൽ നൽകിയ ജാമ്യം റദ്ദാക്കുന്നത്. അതിന് തക്കതായ ഗൗരവമുള്ള കാരണം അവതരിപ്പിക്കാൻ കഴിയണമെന്ന നിലപാടിലായിരുന്നു കോടതി.
അതേസമയം, പീഡനക്കേസിലെ പ്രതിയായ ദിലീപ് അതേ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് ദിലീപിനെതിരെ പ്രഥമദൃഷ്ടിയാൽ നിലനിൽക്കുമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയ കാര്യം പ്രോസിക്യൂഷൻ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കൂടാതെ, വിചാരണക്കോടതിയെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദവും ഉന്നയിച്ചു.
ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജിന്റെ ഫോണിൽ കണ്ടെത്തിയ രണ്ട് ശബ്ദസന്ദേശങ്ങളാണ് പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന്റെ തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചത്. പ്രതിഭാഗം സ്വാധീനിച്ച സാക്ഷികളുടെ പട്ടികയും ഏതുവിധമാണ് ഇത്തരം സാക്ഷികളെ പ്രതികളും അവരുടെ അഭിഭാഷകരും ചേർന്ന് വശത്താക്കിയതെന്നും വിശദമാക്കുന്ന റിപ്പോർട്ടും അന്വേഷണ സംഘം വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇതിനിടെ '' ദിലീപിന്റെ ഭാഗം മുഴുവൻ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവൻ തെറ്റ് എന്നാണ് കോടതി കരുതുന്നത്.'' എന്ന് പ്രോസിക്യൂട്ടർ പറഞ്ഞത് വിചാരണക്കോടതിയെ പ്രകോപിപ്പിച്ചു. ഇത്തരം പരാമർശത്തിനെതിരെ കോടതി മുന്നറിയിപ്പ് നൽകി. ദിലീപിന്റെയോ പ്രോസിക്യൂഷന്റെയോ രക്ഷകയല്ലെന്നും നീതി ഉറപ്പാക്കുകയാണ് കോടതിയുടെ കർത്തവ്യമെന്നും ജഡ്ജി ഹണി എം. വർഗീസ് തുറന്ന കോടതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.