കാട്ടാക്കട: പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ കൊല്ലപ്പെട്ട കേസില്‍ പ്രതി പ്രിയരഞ്ജനെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 10ന് പൂവച്ചൽ പുളിങ്കോടെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം വൈകീട്ടാണ് കാട്ടാക്കട ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയത്. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന വാദം തെളിവെടുപ്പ് വേളയിൽ പ്രിയരഞ്ജന് നിഷേധിച്ചു.
ഇലക്ട്രിക് കാറിന്റെ ആക്സിലേറ്ററില്‍ കാല് അമര്‍ന്ന് നിയന്ത്രണംതെറ്റി കുട്ടിയെ ഇടിക്കുകയായിരുന്നെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും അയാൾ പറഞ്ഞു. 30ന് വൈകീട്ട് വീടിന് സമീപത്തെ റോഡില്‍ സൈക്കിൾ സവാരി നടത്തുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെയാണ് (15) കാറിടിച്ച് കൊലപ്പെടുത്തിയത്.
അപകടശേഷം ഒളിവിൽപോയ പ്രതിയെ തിങ്കളാഴ്ച തമിഴ്നാട് കുഴിത്തുറയിൽനിന്നാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യലിനുശേഷം ചൊവ്വാഴ്ച രാവിലെ പൂവച്ചല്‍ പുളിങ്കോട് തെളിവെടുപ്പിന് എത്തിക്കുകയായിരുന്നു. കനത്ത സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് മിനിറ്റുകള്‍കൊണ്ട് നടപടിക്രമം പൂർത്തിയാക്കി പൊലീസ് മടങ്ങി.
പ്രതി മദ്യപിച്ചിരുന്നെന്ന് സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ മുൻ വൈരാഗ്യത്താൽ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തുകയിരുന്നെന്നാണ് കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചുണ്ടാക്കിയ അപകടമെന്ന നിലയിലാണ് ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെയാണ് കേസിന്റെ ഗതിമാറിയത്.
കാട്ടാക്കട: പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക് കാർ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സയന്റിഫിക് ഓഫിസര്‍ അന്‍സിയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും കാറിൽ വിശദമായ പരിശോധ നടത്തി. ആദിശേഖറിന്റെ സൈക്കിളും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
കാട്ടാക്കട: 15കാരനെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജന്റെ ബന്ധുക്കൾ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തി ആദിശേഖറിന്റെ ബന്ധുക്കളെ തളര്‍ത്തുന്നതായി പരാതി. ഇതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആദിശേഖറിന്റെ പിതാവ് അരുൺകുമാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. മകന് നഷ്ടപ്പെട്ട വേദനയില്‍ കണ്ണീരുണങ്ങാതെ മാതാപിക്കാളും ബന്ധുക്കളും കഴിയുമ്പോഴാണ് പ്രതി പ്രിയരഞ്ജന്റെ ബന്ധുക്കൾ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തുന്നത്. ഇതിന് പിന്നിൽ പ്രതിയുടെ ഭാര്യയാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.