അ​ർ​ഷ​ദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

ഫ്ലാറ്റിലെ കൊലപാതകത്തിന് ശേഷം വിശ്രമിക്കാൻ അർഷദ് ലോഡ്ജിൽ മുറിയെടുത്തു

കാക്കനാട്: ഇടച്ചിറയിലെ ഫ്ലാറ്റിലെ കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി കെ.കെ. അർഷദ് കാലടിയിലെ ലോഡ്ജിൽ മുറിയെടുത്തതായി പൊലീസ്. ഇവിടെ വിശ്രമിച്ച് കുളിച്ച് വൃത്തിയായ ശേഷമാണ്​ കോഴിക്കോട്ടേക്ക് പോയത്. പ്രതിയെ ഈ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അർഷദിന്റെ ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങളും രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും വിട്ടുകിട്ടാൻ അന്വേഷണ സംഘം അടുത്ത ദിവസം കാസർകോട്​ കോടതിയിൽ അപേക്ഷ നൽകും.

തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെയും തൃക്കാക്കര സി.ഐയുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പണത്തിന് ആവശ്യമുള്ളതിനാൽ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ്​ പ്രതി തന്റെ മൊബൈൽ ഫോൺ വിറ്റു. ഇടച്ചിറയിലെ തന്നെ മൊബൈൽ കടയിലായിരുന്നു ഇത്. ഇവിടെയെത്തിച്ചും തെളിവുശേഖരിച്ചു. തുടർന്നാണ് കാലടിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോയത്.

കൊലക്ക് ശേഷം ഇരുവരുടെയും സുഹൃത്തായ മറ്റൊരാളുടെ ഇരുചക്ര വാഹനത്തിലാണ് അർഷദ് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയായിരുന്നു ഇത് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ വാഹനത്തിൽ സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർകോട്ടുനിന്ന് സുഹൃത്ത് അശ്വന്തിനൊപ്പം പ്രതി പിടിയിലായത്. ഒന്നര കിലോ കഞ്ചാവും രാസലഹരി വസ്തുക്കളും ഇവരുടെ കൈവശമുണ്ടായിരുന്നു. ഇവ കാക്കനാട്ടുനിന്ന് ഇറങ്ങുമ്പോൾ അർഷദിന്റെ കൈവശമുണ്ടായിരുന്നതായാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള വിവരം. കാസർകോട്ടെ ലഹരിമരുന്ന് കേസിലും ഈ വാഹനവും ലാപ്ടോപ് അടക്കമുള്ള വസ്തുക്കളും തൊണ്ടിമുതലായതിനാൽ ഇവ വിട്ടുകിട്ടാൻ തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വരുംദിവസങ്ങളിൽ ജില്ലക്ക് അകത്തും പുറത്തും അർഷദുമായി തെളിവെടുപ്പ് നടത്തും.

ലഹരിമരുന്ന് വാങ്ങാൻ നൽകിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പണം തിരികെ ചോദിക്കുമ്പോൾ സജീവ് ഒഴിഞ്ഞുമാറിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊലക്കേസിൽ നിലവിൽ മറ്റാരെയും പ്രതിചേർത്തിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം.

Tags:    
News Summary - After the murder in the flat, Arshad took a room in the lodge to rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.