കൊച്ചി: വിദേശജോലിക്ക് നൽകിയ പണം തിരികെ നൽകാത്തതിന് ട്രാവൽ ഓഫിസിൽ കയറി വനിത ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പള്ളുരുത്തി, പെരുമ്പടപ്പ് ചക്കനാട്ട് പറമ്പ് വീട്ടിൽ ജോളി ജയിംസാണ് (46) പിടിയിലായത്. എറണാകുളം രവിപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന റെയ്സ് ട്രാവൽസിലെ ജീവനക്കാരിയും ഇടുക്കി തൊടുപുഴ സ്വദേശിനിയുമായ സൂര്യയാണ് (25) അക്രമത്തിന് ഇരയായത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
എറണാകുളം രവിപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന റെയ്സ് എന്ന ട്രാവൽസിക്ക് ജോളി അഞ്ചുവർഷം മുമ്പ് ലിത്വാനയിൽ ജോലിക്കായി ഒന്നര ലക്ഷം രൂപ കൊടുത്തിരുന്നേത്ര. എന്നാൽ, ജോലി ലഭിക്കാത്തതിനെ തുടർന്ന് ഈ പണം പല പ്രാവശ്യം തിരികെ ചോദിച്ചിട്ടും സ്ഥാപന ഉടമ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലി പണം തിരികെ നൽകിയില്ലെന്ന് പറയുന്നു. പലകാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. ഈ വൈരാഗ്യത്തിൽ സ്ഥാപന ഉടമയെ ലക്ഷ്യമിട്ടെത്തിയതായിരുന്നു ജോളി. എന്നാൽ, അദ്ദേഹം ഓഫിസിലുണ്ടായിരുന്നില്ല. ഇതാണ് സൂര്യയെ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
വെട്ടേറ്റ് സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. നാടോടി സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റതെന്നാണ് ഹോട്ടൽ ജീവനക്കാർ ആദ്യം കരുതിയത്. ഈസമയം ഇതുവഴിപോയ സൗത്ത് പൊലീസിലെ ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് യുവതിക്ക് രക്ഷയായത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഴത്തിലുള്ള മുറിവായിരുന്നതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിനുശേഷം അവിടെതന്നെ നിലയുറപ്പിച്ച ജോളിയെ ഹോട്ടൽജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.
മൂന്ന് മാസം മുമ്പാണ് സൂര്യ റൈസ് ട്രാവൽസിൽ എത്തുന്നത്. പാലാരിവട്ടത്താണ് താമസിക്കുന്നത്. കഴുത്തിൽ ശസ്ത്രക്രിയ നടത്തിയിരിക്കുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ജോളിക്ക് പണം നൽകാനില്ലെന്നും വിസവന്നിട്ടും ഇയാൾ പോകാതിരുന്നതാെണന്നുമാണ് മുഹമ്മദ് അലി നൽകിയിരിക്കുന്ന മൊഴിയെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.