കൊട്ടിയം: കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ. രണ്ടാംപ്രതി വെളിച്ചിക്കാല മലേവയൽ ചരുവിള വീട്ടിൽ ഷെഫീക്ക് (35) ആണ് പിടിയിലായത്. മലപ്പുറത്ത് ഒളിവിലായിരുന്ന ഇയാൾ ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് പോകാനായി വരുമ്പോൾ കൈതക്കുഴി ഭാഗത്ത് വെച്ചാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവരെ പൊലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.
വെളിച്ചിക്കാല വാറുവിള വീട്ടിൽ സദാം (33), വെളിച്ചിക്കാല സബീല മൻസിലിൽ അൻസാരി (34), വെളിച്ചിക്കാല നൂർജി നിവാസിൽ നൂറുദ്ദീൻ (42) എന്നിവരെയാണ് നേരത്തെ പിടികൂടിയത്.
കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെ (35)യാണ് കഴിഞ്ഞമാസം 27ന് രാത്രിയിൽ സംഘം കുത്തിക്കൊന്നത്. രാത്രി 9.45ന് വെളിച്ചിക്കാല ജങ്ഷനിലായിരുന്നു അക്രമം.
നവാസിന്റെ ബന്ധുവായ നബീലിനെയും സുഹൃത്ത് അനസിനെയും പ്രതികൾ മർദിച്ച വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ബൈക്കിലെത്തിയതായിരുന്നു നവാസ്. എട്ടുപേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഒന്നാംപ്രതി സദാം കത്തികൊണ്ട് നവാസിന്റെ വയറ്റിൽകുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറുന്നതിനിടെ കഴുത്തിനു പിന്നിൽ കുത്തേൽക്കുകയായിരുന്നു. കുത്തേറ്റ നവാസ് സമീപത്തെ കടയിലേക്ക് ഓടിക്കയറി. തുടർന്ന് സമീപത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നബീലും അനസും സുഹൃത്തിന്റെ വീട്ടിലെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ, ടി.ബി ജങ്ഷനിൽവെച്ച് രണ്ടാംപ്രതി ഷെഫീക്ക് ബൈക്കിന് കൈകാണിച്ചു. നിർത്താതെ പോയതോടെ അസഭ്യം വിളിച്ചു. ഇത് ചോദ്യംചെയ്തപ്പോഴാണ് ഷെഫീക്കും നൂറുദ്ദീനും ചേർന്ന് ഇരുവരെയും മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
നബീലും അനസും ബൈക്കിൽ രക്ഷപ്പെട്ട് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. തങ്ങളെ മർദിക്കുന്നെന്ന് നബീൽ നവാസിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. മർദിച്ചവരെ തേടി നവാസ് ബൈക്കിൽ വെളിച്ചിക്കാലയിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
എസ്.എച്ച്.ഒ രാജേഷ്, എസ്.ഐമാരായ ജിബി, ഹരി സോമൻ, സി.പി.ഒമാരായ പ്രജേഷ്, മുഹമ്മദ് ഹുസൈൻ, നുജുമുദ്ദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.