തിരുവനന്തപുരം: കൊലപാതകശ്രമക്കേസിൽ നെടുമങ്ങാട് പൊലീസ് കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ പ്രതികള്‍ കോടതി നിർദേശത്തെ തുടര്‍ന്ന് നേരിട്ട് ഹാജരായി ജാമ്യമെടുത്തു. ആനാട് നാഗഞ്ചേരി സ്വദേശി ലാലു എന്ന ബാലചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അസാധാരണ സംഭവം.
വിചാരണക്കിടെ, ഇര നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒഴിവാക്കിയവരെയാണ് കോടതി നേരിട്ട് പ്രതികളാക്കിയത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് നെട്ടറക്കോണം ഷിബു, ആര്യനാട് അജയന് എന്നീ പ്രതികളാണ് കോടതിയിലെത്തി ജാമ്യമെടുത്ത് വിചാരണ നേരിടുന്നത്. ഇവരുടെ കള്ളുഷാപ്പിലെ ജീവനക്കാരനായ ബാലചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. തന്നെ വെട്ടിയത് ഷിബുവും അജയനുമാണെന്ന് മുമ്പ് പറഞ്ഞിട്ടും അവരെ നെടുമങ്ങാട് പൊലീസ് പ്രതികളാക്കിയില്ലെന്ന് ബാലചന്ദ്രന് വിചാരണ വേളയിൽ കോടതിയെ അറിയിച്ചു.
ഇതുസംബന്ധിച്ച് കോടതി അഡീഷനല്‍ ജില്ല ഗവ. പ്ലീഡര്‍ എം. സലാഹുദ്ദീനോട് വിശദീകരണം തേടി. സാക്ഷി പറഞ്ഞത് സത്യമാണെന്നും ഇക്കാര്യം അന്നത്തെ എസ്.ഐയായിരുന്ന ആര്. വിജയന് അന്നത്തെ സി.ഐയും ഇപ്പോള്‍ എക്സൈസ് വിജിലന്‍സ് എസ്.പിയുമായിരുന്ന കെ. മുഹമ്മദ് ഷാഫിയോട് പറഞ്ഞിട്ടുള്ളതായി കേസ് ഡയറിയിലുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ഷിബുവിനെയും അജയനെയും പ്രതിയാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ തന്നെ ഹരജി ഫയല്‍ ചെയ്തു. പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
2008 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഷാപ്പിലെ കള്ളിന് വീര്യം കൂട്ടാന്‍ വ്യാജ സ്പിരിറ്റ് ചേര്‍ക്കാന്‍ ബാലചന്ദ്രന് തടസ്സം നിന്നതാണ് ആക്രമിക്കാന്‍ കാരണമത്രെ. ഷിബുവിനെയും അജയനെയും ഒഴിവാക്കി മറ്റ് ആറുപേരെ പ്രതി ചേര്‍ത്താണ് നെടുമങ്ങാട് പൊലീസ് കുറ്റപത്രം നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.