പൂനെ: 14കാരിയായ ബാഡ്മിന്റൺ താരത്തെ ലൈംഗിക പീഡനത്തിനിരയാക്കിയ പരിശീലകൻ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ പൂനെയിലെ കായിക സമുച്ചയത്തിൽ വെച്ചാണ് സംഭവം. കൗമാരക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകീട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിയായിരുന്നു പരാതിക്കാരിയെ പരിശീലിപ്പിച്ച് കൊണ്ടിരുന്നത്. ഷട്ടിൽ ബോക്സ് ജിം ലോക്കറിൽ വെക്കാൻ കുട്ടിയോട് ആവശ്യപ്പെട്ട ഇയാൾ പിന്തുടർന്ന് അരികിലെത്തി. കുറച്ച് പരിശീലന സെഷനുകളിൽ കാണാതിരുന്നത് എന്താണെന്ന് ചോദിച്ച് തുടങ്ങിയ പ്രതി കുട്ടിക്ക് മികച്ച ഭാവിയുണ്ടെന്ന് പറഞ്ഞു.
കുട്ടിയെ ഹസ്തദാനം ചെയ്തതിന് പിന്നാലെയാണ് ഇയാൾ മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറഞ്ഞു. കുതറിമാറി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ തടയാൻ ശ്രമിച്ചതായും കൈക്ക് കടന്ന് പിടിച്ചതായും എഫ്.ഐ.ആറിലുണ്ട്.
വീട്ടിലെത്തിയ കുട്ടി സംഭവം മാതാവിനോട് വിവരിക്കുകയായിരുന്നു. പിന്നാലെയാണ് കുടുംബം സ്റ്റേഷനിലെത്തി പരാതി നൽകിയതെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ പറഞ്ഞു.
പോക്സോയും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കോച്ചിനെ അകത്താക്കിയത്. തിങ്കളാഴ്ച വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വെക്കാൻ കോടതി അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.