ബംഗളൂരു: പത്ത് ദിവസങ്ങൾക്കുള്ളിൽ മൂന്നു കൊലപാതകങ്ങൾ നടന്ന ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നടപടികളിൽ വിവേചനമെന്ന് ആരോപണം. സുള്ള്യ ബെല്ലാരിയിൽ മലയാളിയായ മസൂദ്, ഇതേ സ്റ്റേഷൻ പരിധിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു, സൂറത്കലിലെ മംഗൽപേട്ടിൽ മുഹമ്മദ് ഫാസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതിൽ മസൂദും മുഹമ്മദ് ഫാസിലും ഒരു സംഘടനയിലും അംഗമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രവീണിന്റെ വീട് മാത്രം സന്ദർശിക്കുകയും ദുരിതാശ്വാസനിധിയിൽനിന്ന് 25 ലക്ഷം രൂപ നൽകുകയും ചെയ്തു. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് ഇതെന്ന് മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമായ ബി.ടി. വെങ്കടേഷ് പറഞ്ഞു.
അതേസമയം, സർക്കാറിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച അധികൃതർ വിളിച്ച സമാധാന യോഗം മുസ്ലിം സെൻട്രൽ കമ്മിറ്റി ബഹിഷ്കരിച്ചു. സർക്കാർ ഒരു സമുദായത്തിന്റെ കാര്യങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്ന് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.എം. മുംതാസ് അലി പറഞ്ഞു. കമ്മിറ്റിക്ക് കീഴിൽ ആയിരം പള്ളികളുണ്ട്.
എല്ലായ്പ്പോഴും സമാധാനത്തിനും സഹവർത്തിത്വത്തിനുമാണ് ആഹ്വാനം ചെയ്യുന്നത്. അവസാനം കൊലചെയ്യപ്പെട്ട മുഹമ്മദ് ഫാസിലിന്റെ ഖബറടക്ക ചടങ്ങുകളടക്കം സമാധാനപരമായാണ് നടന്നത്. സർക്കാർ എല്ലാവരെയും ഒരുപോലെ കാണണം. മുഖ്യമന്ത്രി മംഗളൂരുവിലുള്ള സമയത്താണ് മുഹമ്മദ് ഫാസിൽ കൊല്ലപ്പെടുന്നത്.
രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഒരാൾക്ക് മാത്രം എങ്ങനെയാണ് പ്രാധാന്യം കുറയുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ടുപേരും ഒരാഴ്ചക്കുള്ളിലാണ് മരിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 25 ലക്ഷം രൂപ പ്രവീണിന്റെ കുടുംബത്തിന് മാത്രം നൽകി. പാർട്ടി ഫണ്ടിൽനിന്നാണ് തുക നൽകിയതെങ്കിൽ എതിർപ്പില്ല. സർക്കാറിന്റെ നഷ്ടപരിഹാരം കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് നൽകണം. മുഖ്യമന്ത്രി നേരിട്ട് സമാധാന യോഗം വിളിക്കണമെന്ന് ദക്ഷിണ കന്നട മുസ്ലിം ഒക്കുട്ട പ്രസിഡന്റ് കെ. അഷ്റഫും ആവശ്യപ്പെട്ടു. അതേസമയം, യോഗത്തിൽ പങ്കെടുക്കാനുള്ള അസൗകര്യം മുസ്ലിം നേതാക്കൾ അറിയിച്ചിരുന്നതായി മംഗളൂരു പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
മംഗളൂരുവിലെത്തിയ ബൊമ്മൈ മസൂദിന്റെ വീട്ടുകാരെ കാണാത്തത് വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ആരോപിച്ചു. മസൂദിന്റെ കുടുംബത്തിനും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ മുഖ്യമന്ത്രി ബൊമ്മൈക്ക് കത്ത് നൽകി. മുഖ്യമന്ത്രി എന്ന നിലയിലുള്ള ചുമതലയാണ് നിർവഹിക്കേണ്ടതെന്നും വിവേചനം കാട്ടരുതെന്നും ഡി.വൈ.എഫ്.ഐയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.