വടക്കഞ്ചേരി: പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കാനെന്ന പേരിൽ മോട്ടോർ ബൈക്കുകളിൽ കറങ്ങി ഹൈവേ ഓരങ്ങളിലും മറ്റും അടച്ചിട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തിവരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം പിടിയിൽ. മഞ്ചേരി സ്വദേശി അജിത് (22), കർണാടക ഹാസൻ സ്വദേശി ശിവരാജൻ (30) എന്നിവരെയാണ് വയനാട് അമ്പലവയൽ പൊലീസിന്റെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. അടുത്തകാലത്തായി വടക്കഞ്ചേരി മേഖലയിൽ ജനങ്ങളുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ മോഷണ സംഘത്തെയാണ് പിടികൂടിയത്.
മേരിഗിരിയിൽ അടച്ചിട്ട വീടിന്റ പിൻഭാഗം തകർത്ത് ഏഴു പവൻ സ്വർണാഭരങ്ങളും 65000 രൂപയും ടോളിന് സമീപമുള്ള വീട്ടിൽനിന്ന് 4500 രൂപയും കവർന്ന കേസിൽ അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്. നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതികൾ വളരെ കാലം മുമ്പ് കർണാടകയിൽനിന്ന് കുടിയേറി വന്നവരും മോഷണം തൊഴിലാക്കിയവരുമാണ്.
ദിവസങ്ങൾക്കുമുമ്പാണ് വടക്കഞ്ചേരി പൊലീസ് തേഞ്ഞിപ്പലം സൈനുദ്ദീൻ, മുസ്താഖ്, സിനാൻ എന്നിവർ ഉൾപ്പെട്ട കവർച്ച സംഘത്തെ പിടികൂടി റിമാൻഡ് ചെയ്തത്. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റ നിർദേശ പ്രകാരം ആലത്തൂർ ഡിവൈസ്.എസ്.പി സി.ആർ. സന്തോഷ്, വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐ ജീഷ് മോൻ വർഗീസ്, അഡീഷനൽ എസ്.ഐ ജയചന്ദ്രൻ, ജി.എസ്.ഐ വിശ്വനാഥൻ, എസ്.സി.പി.ഒ കൃഷ്ണദാസ്, സി.പി.ഒ സദാം ഹുസൈൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, ബ്ലസൻ ജോസ്, സൂരജ്ബാബു, റിനു മോഹൻ, ദിലീപ്, വിനു, ഷിബു ബാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.