ബാലരാമപുരം: വിലപിടിപ്പുള്ള ബൈക്ക് മോഷ്ടിച്ച് ആർഭാട ജീവിതം നയിക്കുന്ന മോഷ്ടാക്കളെ ബാലരാമപുരം പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പുതുവത്സരാഘോഷത്തിന് തമിഴ്നാട്ടിൽ നിന്ന് ബാലരാമപുരത്തെത്തി രണ്ട് വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച് കടന്ന സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്.
ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ വിജയകുമാറിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ 72 മണിക്കൂർ ഇടതടവില്ലാതെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്. കന്യാകുമാരി ജില്ലയിലെ കൽക്കുളം കട്ടത്തുറൈ കല്ലാട്ടുവിളൈയിൽ സമുവലിനെയും (18), പ്രായപൂർത്തിയാകാത്ത ആളെയുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്.
ശനിയാഴ്ച പുലർച്ചയാണ് സംഭവം. ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് എതിർവശം പ്ലാവിള വീട്ടിൽ പ്രവീണിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിനു മുന്നിൽ നിന്നാണ് മോഷണം പോയത്. രണ്ടര ലക്ഷം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. ജുവനൈൽ മോഷ്ടാവുൾപ്പെടെ അതിവൈദഗ്ധ്യമുള്ളവരാണ് മോഷണസംഘത്തിലുള്ളത്. ബാലരാമപുരത്ത് ദിവസങ്ങൾ മുമ്പെത്തി ബൈക്കുകളും സ്ഥലവും സ്കെച്ച് ചെയ്ത് പ്രദേശത്ത് എവിടെയെല്ലാം സി.സി ടി.വിയുണ്ടെന്ന് പരിശോധിച്ച ശേഷം ഇതിൽപെടാതെ വാഹനം കടത്തിക്കൊണ്ടുപോകുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്ന് ശനിയാഴ്ച രാത്രി മൂന്നംഗ സംഘം ബൈക്കിലെത്തി ബാലരാമപുരത്ത് മോഷണം നടത്തുന്ന വീടിന് 50 മീറ്റർ മുമ്പ് ബൈക്ക് വെച്ച് നടന്നുവന്ന് മോഷണ ബൈക്കിന്റെ ലോക്ക് പൊട്ടിച്ചാണ് രണ്ടുപേർ ബൈക്കിൽ കടന്നത്.
എന്നാൽ, മോഷ്ടാക്കളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ കുഴങ്ങിയ ബാലരാമപുരം പൊലീസ് ദേശീയപാതയിലെയും ഇടറോഡുകളിലെയും 1200 ലെറെ സി.സി ടി.വി കാമറകളും മെബൈൽ ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
മെബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫലം ലഭിക്കാതെ വന്നതോടെ കൂടുതൽ സംഘങ്ങൽ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളിലേക്കെത്തിയത്.
പ്രതികളെന്ന് സംശയമുള്ളവരുടെ ചിത്രങ്ങൽ തമിഴ്നാട് പൊലീസിന് കൈമാറിയതോടെയാണ് ചിത്രത്തിൽ സാമ്യമുള്ളവരുടെ തുമ്പ് ലഭിച്ചത്. തുടർന്ന് കന്യാകുമാരി, നാഗർകോവിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രതികളെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സ്വാമിയാർമഠത്തിൽ നിന്നാണ് പിടികൂടിയത്.
മോഷ്ടിച്ച ബൈക്ക് പൊളിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷണ ബൈക്കും കണ്ടെടുത്തു. മുന്നംഗ സംഘത്തിൽ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.
റൂറൽ എസ്.പി. കിരൺ നാരായൺ, ഡിവൈ.എസ്.പി. അനിൽകുമാർ എന്നിവരുടെ നിർദേശ പ്രകാരം ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ വിജയകുമാർ, എസ്.ഐ. ആൻറണി ജോസഫ് നെറ്റോ, എസ്.ഐ. പുഷ്പാംഗദൻ ആശാരി, ഉല്ലാസ്, രാജേഷ്, സന്തോഷ്, പത്മകുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.