നിലമ്പൂർ: വഴിക്കടവ് അതിർത്തിയിലെ മോട്ടോർവാഹന ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധനക്കെത്തിയ മലപ്പുറം വിജിലൻസ് സംഘത്തിനും ചരക്ക് വാഹനങ്ങളിലെ ജീവനക്കാരുടെ വക കൈക്കൂലി പണം. രേഖകൾക്കൊപ്പം ഒളിപ്പിച്ചാണ് വാഹനങ്ങളിലെ ജീവനക്കാർ കൗണ്ടറിൽ ഇരിപ്പുറപ്പിച്ച വിജിലൻസിന് പണം നൽകി തുടങ്ങിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇൻസ്പെക്ടർ പി. ജ‍്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം ചെക്ക്പോസ്റ്റിൽ എത്തിയത്. എട്ടരയാകുന്നതിന് മുമ്പ് 11 ചരക്ക് വാഹനങ്ങളാണ് ചുരം ഇറങ്ങിയെത്തിയെത്.
വിജിലൻസ് സംഘമാണെന്ന് അറിയാതെ രേഖകളുടെ മറപ്പറ്റി 50, 100 രൂപ പ്രകാരമാണ് കൗണ്ടറിൽ സ്ഥാനം പിടിച്ച വിജിലൻസിന് നൽകി വന്നത്. ചെക്ക്പോസ്റ്റിലുള്ളത് വിജിലൻസ് സംഘമാണെന്ന് സൂചന ലഭിച്ചതോടെ വാഹന ഉടമകൾ പരസ്പരം വിവരം കൈമാറി. ഇതോടെ പണലഭ‍്യത കുറഞ്ഞു.
ചെക്ക്പോസ്റ്റിൽ കൈക്കൂലി പണം കൈപ്പറ്റുന്നുണ്ടെന്നതിന് തെളിവാണിതെന്നും റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഇൻസ്പെക്ടർ ജ‍്യോതീന്ദ്രകുമാർ പറഞ്ഞു. ചെക്ക്പോസ്റ്റിൽ അടുത്തിടെയും വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അന്നും ക്രമക്കേട് കണ്ടെത്തിയിരുന്നു. വിജിലൻസ് എസ്.ഐ പി. മോഹൻദാസ്, എ.എസ്.ഐ പി.ടി. ഹനീഫ, കെ. സന്തോഷ്കുമാർ, ഗസറ്റഡ് റാങ്ക് ഉദ‍്യോഗസ്ഥനായ ചാലിയാർ കൃഷി ഓഫിസർ ഉമ്മർകോയ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.