പയ്യന്നൂർ: പയ്യന്നൂർ മേഖലയിൽ ഒരുമാസത്തിനിടെയുണ്ടായ വൻകവർച്ച നാടിനെ ഭീതിയിലാക്കി. മാതമംഗലം ടൗണിനടുത്ത് റോഡരികിൽ ബുധനാഴ്ച പുലർച്ചയുണ്ടായ കവർച്ചയാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. പുലർച്ച മൂന്നിനും നാലിനുമിടയിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷം മോഷ്ടാവ് രക്ഷപ്പെടുന്ന ദൃശ്യം സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിലുണ്ട്. ഇതാണ് ഭീതിയും ദുരൂഹതയും വർധിപ്പിക്കുന്നത്. പുലർച്ച നാലിന് ക്ഷീരകർഷകരും മറ്റും ഉണരുന്ന സമയമാണ്.
മാത്രമല്ല, റോഡിലൂടെ വാഹനങ്ങളും പോകാറുണ്ട്. ഈ സമയത്ത് കവർച്ച നടത്തി രക്ഷപ്പെട്ടതാണ് നാട്ടുകാരെ അദ്ഭുതപ്പെടുത്തുന്നത്. അടുത്ത കാലത്തൊന്നും ഈ രീതിയിൽ കവർച്ച പ്രദേശത്തുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ പോലും സ്വസ്ഥമായി കിടന്നുറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും പൊലീസ് കവർച്ച തടയാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഗൃഹനാഥൻ ജയപ്രസാദ് ഒരാഴ്ചയിലധികമായി ഭാര്യയോടൊപ്പം തളിപ്പറമ്പിൽ ആശുപത്രിയിലാണ്. ഇടക്കിടക്ക് ജയപ്രസാദ് വരാറുണ്ടെങ്കിലും രാത്രിയിൽ ആശുപത്രിയിലേക്ക് പോവുക പതിവാണ്.
മക്കളും നാട്ടിലില്ല. ഇതറിയുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. നിരീക്ഷണ കാമറ ദൃശ്യം പരിശോധിച്ച് ശാസ്ത്രീയമായ തെളിവുകളോടെ പ്രതിയെ കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്. തൊട്ടടുത്ത പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന രീതിയിൽ നിരവധി കവർച്ചകൾ നടന്നിരുന്നു. എല്ലാ കേസുകളിലും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. പയ്യന്നൂർ പെരുമ്പയിൽ വൻ കവർച്ച നടന്നത് ഒരുമാസംമുമ്പാണ്. കഴിഞ്ഞ മാസം 21ന് പുലർച്ച ഒരുമണിയോടെയാണ് വീട് കുത്തിത്തുറന്ന് 35 പവനോളം കവർച്ച നടത്തിയത്. ഈ കേസിലും തുമ്പുണ്ടാക്കാൻ പൊലീസിനായില്ല. പെരുമ്പയിൽ കവർച്ച നടക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെ മുകളിലത്തെ നിലയിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. സമാനമായ നിരവധി കവർച്ചകളാണ് വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഉണ്ടായത്. ഇവയിൽ പലതിലും പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
പയ്യന്നൂർ: മാതമംഗലത്ത് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. പാണപ്പുഴ റോഡിൽ മാത്തുവയൽ പാലത്തിന് സമീപത്തെ പി. ജയപ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
23 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ടും മോഷണം പോയി. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. അകത്തെ അലമാര കുത്തിത്തുറന്നാണ് സ്വർണവും ഡയമണ്ടും മോഷ്ടിച്ചത്.
അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ബുധനാഴ്ച പുലർച്ച മൂന്നിനും 3.45നുമിടയിലാണ് മോഷണം നടന്നത്.
സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ മോഷ്ടാവ് ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ജയപ്രസാദിന്റെ ഭാര്യ ദീപ കരിമ്പത്ത് ആയുർവേദ ചികിത്സയിലായിരുന്നു. അതുകൊണ്ട് വീട്ടിൽ ആളുണ്ടായിരുന്നില്ല. രാവിലെ സമീപത്തെ ബന്ധുക്കൾ ലൈറ്റ് ഓഫ് ചെയ്യാൻ വന്നപ്പോഴാണ് വാതിൽ കുത്തിത്തുറന്നായി കണ്ടത്.
ഉടൻ ജയപ്രസാദിനെ വിവരം അറിയിച്ചു. തുടർന്ന് പെരിങ്ങോം പൊലീസിലും വിവരമറിയിച്ചു. പെരിങ്ങോം പൊലീസ് സ്റ്റേഷൻ സി.ഐ പി. രാജേഷ് , എസ്.ഐ പി. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു.
ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. വീടിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൺവെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രണ്ടാഴ്ച മുമ്പ് പയ്യന്നൂർ പെരുമ്പയിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്ന കേസിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.