തളിപ്പറമ്പ്: ധർമശാല അഞ്ചാംപീടിക റൂട്ടിൽ ചിത്ര സ്റ്റോപ്പിന് സമീപം വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയത് മറ്റൊരു കേസിൽ കണ്ണൂർ പൊലീസ് പിടിയിലായ രണ്ടംഗ സംഘം. കുഞ്ഞിപ്പള്ളി കെ.വി. ഹൗസിലെ കെ. നിയാസുദീൻ എന്ന മസിൽ നിയാസ് (40), ചാലക്കുന്നിലെ ജസി നിവാസിലെ കെ. അജേഷ് എന്ന കുറുക്കുൻ അജേഷ് (33) എന്നിവരാണ് കവർച്ച നടത്തിയത്. വീട് കുത്തിത്തുറന്ന് അലമാരയിൽ ഉണ്ടായിരുന്ന 10 പവൻ ആഭരണവും 15,000 രൂപയുമാണ് കവർന്നിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടോടെ ശശിധരനും കുടുംബവും വീട് പൂട്ടി മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്ച രാത്രിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നത് കണ്ടത്. ടെറസിലെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കവർച്ചക്കാർ അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടപ്പെട്ടത്. ശശിധരന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിറകിൽ കണ്ണൂരിൽ പിടിയിലായ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂർ ടൗൺ പൊലീസ് കൊയിലി ആശുപത്രി പരിസരത്തെ കൽപക റസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് നിയാസും അജേഷും പിടിയിലായത്. ഇവരിൽനിന്ന് രണ്ട് ഇരുചക്ര വാഹനങ്ങളും എട്ട് പവൻ സ്വർണാഭര ണങ്ങളും പിടികൂടിയിരുന്നു. കഴിഞ്ഞ 21ന് രാത്രി കീഴ്തളിയിലെ അപാർട്ട്മെന്ററിൽനിന്ന് കവർന്ന ബുള്ളറ്റും ബേബി മെമ്മോറിയൽ ആശുപത്രി മാനേജർ കോട്ടയം നെല്ലൂർ സ്വദേശി രോഹിൻ രാജിന്റെ ബുള്ളറ്റുമാണ് ഇവയെന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, സ്വർണാഭരണങ്ങൾ ആരുടെതെന്ന് ഇവർ വെളിപ്പെടുത്തിയില്ല.
രണ്ട് മോഷ്ടാക്കൾ പിടിയിലായിട്ടുണ്ടെന്നും ഇവരിൽനിന്ന് സ്വർണം പിടികൂടിയിട്ടുണ്ടെന്നും അറിഞ്ഞ തളിപ്പറമ്പ് ഡിവൈ.എസ്.പി പി. പ്രമോദ്, ശശിധരന്റെ മകനെ ഉൾപ്പെടെ ടൗൺ സ്റ്റേഷനിലേക്ക് അയച്ച് സ്വർണാഭരണങ്ങൾ പരിശോധിപ്പിക്കുകയായിരുന്നു. ഇതോടെയാണ് വീട്ടിൽനിന്ന് നഷ്ടപ്പെട്ട അഞ്ച് പവന്റെ സ്വർണമാലയും മൂന്ന് പവന്റെ വളയുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്ന് തിരിച്ചറിഞ്ഞത്.
ബാക്കി മൂന്ന് പവൻ സ്വർണം വെള്ളിയാഴ്ച കണ്ണൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതായും വിവരം ലഭിച്ചു. പ്രതികളെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.