പാലക്കാട്: മലമ്പുഴയിലെ ജനവാസമേഖലയോടു ചേർന്ന വനത്തിൽ കത്തിക്കരിഞ്ഞനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ആരക്കോട് ഭാഗത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് ഞായറാഴ്ച ഉച്ചക്ക് മൃതദേഹം കണ്ടത്. തുടർന്ന്, വനംവകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിട്ടുണ്ട്. ഇയാളുടെ ഒരു കൈ മുറിഞ്ഞ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെയോ കാട്ടുമൃഗങ്ങൾ കടിച്ചുവലിച്ചപ്പോഴോ കൈ മുറിഞ്ഞുപോയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. അടുത്തിടെ, പ്രദേശത്തെ ആരെയും കാണാനില്ലെന്ന പരാതികൾ ലഭിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തിയശേഷം മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നിട്ടതാവാമെന്ന സംശയവുമുണ്ട്. മുഖം വ്യക്തമാകാതിരിക്കാൻ കത്തിച്ചതായിരിക്കാമെന്നാണ് നിഗമനം. പാലക്കാട് എ.എസ്.പി എ. ഷാഹുൽ ഹമീദ്, വാളയാർ ഇൻസ്പെക്ടർ എ. അജിഷ്, മലമ്പുഴ സ്റ്റേഷനിലെ എസ്.ഐമാരായ പി.എ. റഹ്മാൻ, കെ. ജ്യോതിമണി, എ.എസ്.ഐ രമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.