കാസർകോട്: ചട്ടഞ്ചാൽ ദേശീയപാതയിൽ കണ്ടയ്നർ ലോറിയിൽ കടത്തുകയായിരുന്ന വൻപാൻ മസാല ശേഖരം പിടികൂടി. മേല്പറമ്പ സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാർഗോ കണ്ടെയിനർ ലോറിയിൽ ചാക്ക് കെട്ടുകളിൽ നിറച്ച് കടത്തിയ നിരോധിത പാൻമസാലയുടെ ശേഖരം പിടികൂടിയത്.
പരിശോധനയിൽ ചാക്കു കെട്ടുകളിലായി സൂക്ഷിച്ച 31,800 എണ്ണം നിരോധിത പാൻമസാല പുകയില ഉല്പന്നങ്ങൾ അടങ്ങിയ പാക്കറ്റുകൾ പിടികൂടി കേരള പൊലീസ് ആക്റ്റ് പ്രകാരം കേസെടുത്തു.
മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാർസൽ കൊണ്ടുപോകുന്ന കാർഗോ കണ്ടെയിനർ ലോറിയുടെ ഡ്രൈവർ കാബിനിലാണ് പാൻമസാല ചാക്കു കെട്ടുകൾ കയറ്റിയിരുന്നത്. ലോറി ഡ്രൈവർ കർണാടക സ്വദേശിയായ സിദ്ധലിംഗപ്പ (39)യെ പൊലീസ് അറസ്റ്റ് ചെയ്തു. പാൻമസാല പാക്കറ്റുക ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ഒരാൾ കയറ്റി വിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാൽ മൂവായിരം രൂപ കടത്തുകൂലി കിട്ടുമെന്നും ഇയാൾ പൊലിസിനോട് സമ്മതിച്ചു. പാർസൽ കമ്പനി അധികൃതർ അറിയാതെയാണ് ലോറി ജീവനക്കാർ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു. വാഹന പരിശോധനയിൽ സിഐ ടി ഉത്തംദാസിനൊപ്പം മേല്പറമ്പ സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു.
ലഹരി കടത്തുകൾ പിടികൂടുന്നതിന് കാസർഗോഡ് ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഐ പി എസ് എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും കർശനമായ വാഹന പരിശോധനകൾ നടത്തുവാൻ നിർദേശം നല്കിയിരുന്നു. ഇനിയും കർശന പരിശോധനകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.