റായ്പുർ: ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിൽ നെല്ല് മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് 19കാരനെ ഒരു സംഘം ആളുകൾ മർദിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സമാനമായ മറ്റൊരു കേസിൽ ഞായറാഴ്ച അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയിരുന്നു. റായ്ഗഡിലായിരുന്നു സംഭവം.
തിങ്കളാഴ്ച അർധരാത്രി 12.30ഓടെ ആയിരുന്നു 19കാരനായ കാർത്തിക് പട്ടേലിന് ക്രൂരമർദനം നേരിടേണ്ടിവന്നത്. കേസിലെ പ്രധാന പ്രതിയായ ഭികം സാഹുവിന്റെ വീട്ടിൽനിന്ന് നെല്ല് മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റു ചിലർ ആളെ കൂട്ടുകയും മോഷണ സംഘത്തിലെ ഓംകാർ സാഹുവിനെ പിടികൂടുകയുമായിരുന്നു. ഇയാൾ പറഞ്ഞതു പ്രകാരമാണ് കാർത്തികിനെ തേടി ഗ്രാമവാസികൾ വീട്ടിലെത്തിയത്. തടയാനെത്തിയ കാർത്തികന്റെ പിതാവിനെ പിടിച്ചുമാറ്റിയ നാട്ടുകാർ, യുവാവിനെ മുളവടി കൊണ്ട് അടിക്കുകയും പുലർച്ചെ വരെ മർദനം തുടരുകയും ചെയ്തു.
സംഭവമറിഞ്ഞ് രാവിലെ ഏഴ് മണിക്കാണ് പൊലീസ് സ്ഥലത്തെത്തിയത്. കാർത്തികിനെയും സാഹുവിനെയും വൈകാതെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ കാർത്തിക് മരിച്ചു. കുടുംബം നൽകിയ പരാതിയിൽ 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.