മാള: വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൈക്കൂട്ടം അണ്ണാറയിൽ മൂത്തേടത്ത് വീട്ടിൽ പാതിരാ അംബു എന്നറിയപ്പെടുന്ന അംബുജാക്ഷനെയാണ് (35) മാള പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 15ന് രാത്രി പന്ത്രണ്ടോടെ ആയുധവുമായി വന്ന് മോഷണശ്രമം നടത്തിയതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽനിന്ന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അംബുജാക്ഷനെ വീട്ടിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലും രാത്രി 12ന് പ്രതി മുഖംമൂടി ധരിച്ച് ആയുധവുമായി പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ചതായി പറയുന്നു. വീട്ടുകാർ ബഹളം വെച്ചപ്പോൾ പരിസരവാസികൾ എത്തിയതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷവും പ്രതി അന്നമനടയിലെ മറ്റൊരു വീട്ടിൽ രാത്രി അതിക്രമിച്ചുകയറി സ്ത്രീകൾക്കു നേരെ അതിക്രമം നടത്തിയ കുറ്റത്തിന് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
മാള എസ്.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, സ്പെഷൽ ബ്രാഞ്ച് ഓഫിസർ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, സിദീജ, എ.എസ്.ഐ ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.