അടൂര്‍: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയശേഷം വ്യാജ നിയമന ഉത്തരവ് നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് അടക്കം മൂന്നുപേര്‍ പിടിയില്‍. ഒമ്പതുലക്ഷം രൂപ നഷ്ടമായ മലമേക്കര സ്വദേശിനിയുടെ പരാതിയില്‍ കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ബാഹുലേയന്‍ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയത്തില്‍ മുരുകദാസ് കുറുപ്പ് (29), സഹോദരന്‍ അയ്യപ്പദാസ് കുറുപ്പ് (22) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി വിനോദ് എന്‍.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡന്റാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായിരുന്നു. നേരത്തേ ബി.ഡി.ജെ.എസ് ജില്ല വൈസ് പ്രസിഡന്റുമായിരുന്നു.
2021 മാര്‍ച്ചിലാണ് മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ ഉന്നത സ്വാധീനമുള്ളയാളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയാണെന്ന് കൂടി പറഞ്ഞതോടെ വിശ്വാസ്യത വര്‍ധിച്ചു. വിനോദ് ഒരുപാട് പേർക്ക് സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. തൊട്ടടുത്ത മാസംതന്നെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലിയില്‍ നിയമിച്ചുള്ള വ്യാജ ഉത്തരവ് വിനോദ് പരാതിക്കാരിക്ക് നല്‍കി. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം ഫോണില്‍ വിളിച്ച് മറ്റൊരു ദിവസം ജോയിന്‍ ചെയ്താല്‍ മതിയെന്ന് അറിയിച്ചു.
പുതിയ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി മാറിയതാണ് നിയമനം വൈകാന്‍ കാരണമെന്നാണ് പരാതിക്കാരിയോട് പറഞ്ഞത്. പിന്നീട് നിരവധി തവണ ഇത്തരത്തില്‍ ഒഴിവുകള്‍ പറഞ്ഞ് മാറി. പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലാകുന്നത്. പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വിനോദ് ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
ജില്ല പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശാനുസരണം അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷിച്ചത്. പൊലീസ് കേസെടുത്തതോടെ ഫോണ്‍ ഓഫ് സ്വിച്ച്ഓഫ് ചെയ്ത് പ്രതികൾ ഒളിവില്‍ പോയി. തുടരന്വേഷണത്തിലാണ് ഇന്‍സ്പെക്ടര്‍ ആര്‍. രാജീവ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സൂരജ്, ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന സംഘം മൂവരെയും കസ്റ്റഡിയില്‍ എടുത്തത്.
പ്രതികള്‍ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേരിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും സൂചനയുണ്ട്. ആലപ്പുഴ നൂറനാട്ട് യുവാവിൽനിന്ന് 10 ലക്ഷം വാങ്ങിയതായ പരാതി അടൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. തട്ടിപ്പിനിരയായ ആളുകള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി അടൂര്‍ സ്റ്റേഷനുമായി ബന്ധപ്പെടണം. വിനോദിന്റെ പേരില്‍ വഞ്ചനക്കേസടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.