നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കൂടുതൽ അന്വേഷണമാരംഭിച്ചു. പിടിയിലായവരിൽ ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒഡോത്തി ജൂലിയറ്റ് ഒമ്പത് മാസത്തിലേറെയായി ഇന്ത്യയിൽ തങ്ങുകയാണ്. കൊച്ചിയിലെ ഏതൊക്കെ ഹോട്ടലുകളിൽ ഇവർ താമസിച്ചിരുന്നുവെന്നും ആരൊക്കെ സന്ദർശിച്ചിരുന്നുവെന്നും വിശദമായി അന്വേഷിക്കും.
ഐവറി കോസ്റ്റ് സ്വദേശികളെ ഉപയോഗിച്ച് കൊക്കെയ്ൻ എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. കഴിഞ്ഞദിവസം കൊക്കെയ്ൻ കൊണ്ടുവന്ന കാനേ സിംപേ ജൂലി തുണിത്തരങ്ങൾ വാങ്ങാനെന്ന പേരിലാണ് ഇന്ത്യയിൽ എത്തിയത്. കൊക്കെയ്ൻ കൈമാറിയാൽ 20 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ വാങ്ങിനൽകാമെന്ന് സീവി ഒഡോത്തി വാഗ്ദാനം ചെയ്തിരുന്നത്രെ. എന്നാൽ, ബിസിനസ് വിസയായിരുന്നില്ല ഇവരുടെ കൈവശമുണ്ടായിരുന്നത്. അതിനാൽ എമിഗ്രേഷൻ വിഭാഗം പുറത്തിറങ്ങാൻ അനുവദിച്ചില്ല. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 580 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തത്.
നെടുമ്പാശ്ശേരി അകപ്പറമ്പിലെ ഹോട്ടലിൽ കൊക്കെയ്ൻ കൈമാറാനാണ് ധാരണയുണ്ടാക്കിയിരുന്നത്. ഹോട്ടലിൽ സിംപേക്കായി മുറിയും ബുക്ക് ചെയ്തിരുന്നു. പിടിയിലായപ്പോൾ സിംപേ ഡി.ആർ.ഐ അധികൃതരോട് വിവരം തുറന്നുപറഞ്ഞു. തുടർന്ന് ഒഡോത്തിയെ വിളിച്ചുവരുത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒഡോത്തി കൊച്ചിയിലെ കൊക്കെയ്ൻ ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ സംശയിക്കുന്നു.
സഹായികളായി മലയാളികളായ ചിലരുമുണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊച്ചിയിലെ കൊക്കെയ്ൻ റാക്കറ്റിലെ കൂടുതൽ പേർ വലയിലാകും. വിവിധ ഹോട്ടലുകളിൽ മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നതിലും ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.