മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയതായി പരാതി

കൊടുങ്ങല്ലൂർ: തൊഴിലുറപ്പ് തൊഴിലാളി രോഗശയ്യയിലായിരിക്കുമ്പോഴും മരിച്ച ശേഷവും വ്യാജ ഒപ്പിട്ട് പണം തട്ടിയതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പഞ്ചായത്ത് അധികൃതർ തൊഴിലുറപ്പ് പണികൾക്ക് മേൽനോട്ടം വഹിക്കുന്ന നാലു മേറ്റുമാരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു.

രോഗബാധിതയായതിനെത്തുടർന്ന് ഒരുവർഷമായി തൊഴിലുറപ്പുപദ്ധതി ജോലിക്ക് പോകാതിരുന്ന ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കുടിലിങ്ങൽ ബസാറിലെ കാതിക്കോടത്ത് ദേവയാനിയുടെ (62) ബന്ധുക്കളാണ് മതിലകം പൊലീസിനും ശ്രീനാരായണപുരം പഞ്ചായത്തിലും മതിലകം ബ്ലോക്ക് പഞ്ചായത്തിലും പരാതി നൽകിയത്. രോഗബാധിതയായ ദേവയാനി മാർച്ച് 19ന് മരിച്ചു.

അന്നും 22 വരെയും വ്യാജ ഒപ്പിട്ട് പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് 29,000 രൂപയോളം നഷ്ടപ്പെട്ടുവെന്നും വിശദമായ അന്വേഷണം നടത്തി പണം തിരിച്ചുപിടിക്കുമെന്നും പൊലീസിന് പരാതി കൈമാറിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മോഹനൻ പറഞ്ഞു. മരിച്ചതിനെത്തുടർന്നാണ് ഇവരുടെ പേരിൽ ബാങ്കിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പണം വന്നിരുന്നതായും ഇത് ക്രയവിക്രയം ചെയ്തിരുന്നതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് ദേവയാനിയുടെ സഹോദരി ലളിത പരാതി നൽകിയത്. തട്ടിപ്പ് നടന്നതായി പരാതിയുയർന്ന കാലയളവിൽ നാലുപേർ സൂപ്പർവൈസർമാരായി ജോലി നോക്കിയിരുന്നു. ഇവരെ സ്ഥിരമായി മാറ്റിനിർത്താതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ടാണ് സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - Complaint of fraudulent signature of deceased employment guarantee worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.