ചിറ്റൂർ: ഭിന്നശേഷിക്കാരന് പൊലീസ് മർദനം. പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. വണ്ണാമട കോഴിപ്പതി സ്വദേശി തമിഴ് ശെൽവനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് സബ് ഇൻസ്പെക്ടർ മർദിച്ചത്. ശാരീരികശേഷി കുറഞ്ഞയാൾക്കാണ് പൊലീസ് സ്റ്റേഷനിൽവെച്ച് എസ്.ഐയുടെ മർദനമേറ്റത്. അയൽവാസിയുടെ പരാതിയെത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. മുമ്പുനടന്ന അപകടത്തിൽ പരിക്കേറ്റ് സ്റ്റീൽ റാഡിട്ട കാലിന് സബ് ഇൻസ്പെക്ടറുടെ അതിക്രമത്തിൽ വീണ്ടും പരിക്കേറ്റു.
സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച തമിഴ് ശെൽവൻ ചിറ്റൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി.
സംഭവത്തെക്കുറിച്ച് തമിഴ് ശെൽവൻ പറയുന്നത് ഇങ്ങനെ: ഓട്ടോറിക്ഷയിൽ പച്ചക്കറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ 11ന് കച്ചവടം കഴിഞ്ഞെത്തിയപ്പോൾ കെട്ടിയിട്ട നായ് അഴിഞ്ഞുപോവുകയും വീടിനു മുന്നിൽ കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അയൽവാസിയുടെ മകന്റെ മേലെ ചാടുകയുമായിരുന്നു.
കുട്ടിക്ക് കടിയേറ്റിട്ടില്ലെന്നും നിസ്സാര പരിക്കുമാത്രമാണുള്ളതെന്നും തമിഴ് ശെൽവൻ പറയുന്നു. അടുത്തദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഇയാളെ എസ്.ഐ മർദിക്കുകയായിരുന്നു.
പരാതി നൽകിയെങ്കിലും ദിവസങ്ങളായിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഉന്നത അധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് തമിഴ് ശെൽവൻ. പരാതിയിൽ പരിശോധന നടത്തിയെന്നും എസ്.ഐയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ലെന്നും അന്വേഷണം നടത്തിയ ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.