കൊല്ലങ്കോട് (പാലക്കാട്): കമിതാക്കൾ തീപൊള്ളലേറ്റ് മരിച്ചത് യുവാവിന്റെ ജന്മദിനത്തിൽ. കൊല്ലങ്കോട് കിഴക്കേഗ്രാമം രമേശിന്റെ മകൻ സുബ്രഹ്മണ്യൻ എന്ന ശിവ (24), പാവടി ശെങ്കുന്തർ മണ്ഡപം റോഡിൽ ശെൽവന്റെ മകൾ ധന്യ എന്ന ശ്രേയ (16) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന്റെ വീട്ടിലെ മുറിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.
മുറിക്കകത്തുനിന്ന് തീയും പുകയും ഉയരുന്നത് സുബ്രഹ്മണ്യന്റെ മാതാവ് രാധയാണ് ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തി വാതിൽ ചവിട്ടിത്തുറന്നാണ് തീയണച്ചത്. ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും ഉച്ചയോടെ മരിച്ചു.
സുബ്രഹ്മണ്യന്റെ വീടിന് 200 മീറ്റർ അകലെയാണ് ധന്യയുടെ വീട്. ട്യൂഷന് പോകുന്നെന്ന് പറഞ്ഞാണ് പുലർച്ച ആറോടെ വീട്ടിൽനിന്ന് ധന്യ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുബ്രഹ്മണ്യന്റെ വീട്ടിലേക്ക് ധന്യ എത്തിയത് ആരും അറിഞ്ഞിരുന്നില്ല.
ഒരു വർഷം മുമ്പുവരെ ധന്യയുടെ വീട്ടുകാർ സുബ്രഹ്മണ്യന്റെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. നാല് വർഷത്തിനുശേഷം വിവാഹം കഴിപ്പിക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും സംസാരിച്ച് ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
എം.ബി.എ കഴിഞ്ഞ് ഐ.ടി കമ്പനിയിൽ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്റെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഞായറാഴ്ച. കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ധന്യ. കൊല്ലങ്കോട് സി.ഐ എ. വിപിൻദാസിനാണ് അന്വേഷണച്ചുമതല. മൃതദേഹങ്ങൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ. രാധയാണ് സുബ്രഹ്മണ്യന്റെ മാതാവ്. സഹോദരൻ: ഗണേശ്. ധന്യയുടെ മാതാവ്: അമുദ, സഹോദരൻ: രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.