കൊച്ചി: അശ്ലീല വീഡിയോ നിർമിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാർ അറസ്റ്റിൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്നാണ് യുവതിയുടെ പരാതി.
എറണാകുളം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ എട്ടുമണിയോടെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണിത്. ഐ പി സി 506, 509 ളും ചുമത്തിയിട്ടുണ്ട്. നന്ദകുമാറിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.
തന്നെ പല രൂപത്തില്‍ ക്രൈം നന്ദകുമാര്‍ പീഡിപ്പിച്ചതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ സമ്മര്‍ദം ചെലുത്തി എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. സമ്മര്‍ദവും ഭീഷണിയും തുടര്‍ന്നതോടെ ഇവർ അവിടത്തെ ജോലി രാജിവെച്ചിരുന്നു.
മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കഴിഞ്ഞ വർഷം ടി.പി. നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. കഴിഞ്ഞ നവംബര്‍ 27നാണ് മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവന് നല്‍കിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത നായർ നൽകിയ മൊഴിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഗൂഢാലോചനയാണെന്ന് നന്ദകുമാർ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ സരിതയുടെ രംഗപ്രവേശനത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, ഷാജ് കിരൺ, സരിത നായർ, പിണറായി വിജയൻ എന്നിവർ ചേർന്നാണ് മൊഴി നൽകാനുള്ള ഗൂഢാലോചന നടത്തിയത് എന്നുമായിരുന്നു ആരോപണം. ഇതിനുപിന്നാലെയാണ് മുൻജീവനക്കാരിയുടെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.