കൊടകര: കാപ്പ ചുമത്തി നാടുകടത്തിയിട്ടും വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ കൊടകര പൊലീസ് അറസ്റ്റുചെയ്തു. നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ ഷൈജു എന്ന പല്ലന് ഷൈജുവാണ് (43) അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ജനുവരി 21 മുതല്‍ ഒരുവര്‍ഷത്തേക്ക് കാപ്പ ചുമത്തി റൂറല്‍ എസ്.പി നാട് കടത്തിയിരുന്നു.
ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ച് നാട്ടിലെത്തിയ പല്ലന് ഷൈജുവിനെ നെല്ലായി പന്തല്ലൂരില്നിന്നാണ് കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലനും പാർട്ടിയും ചേര്‍ന്ന് പിടികൂടിയത്.
വിലക്ക് ലംഘിച്ച് ഏതാനും മാസം മുമ്പ് ജില്ല പരിധിയില്‍ പ്രവേശിച്ച് പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വിഡിയോ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി മയക്കുമരുന്ന്, കുഴല്‍പണം, അടിപിടി തുടങ്ങി ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷൈജുവിനെ കഴിഞ്ഞ ജനുവരിയിലാണ് കാപ്പ ചുമത്തി ജില്ലയില്‍നിന്ന് നാടുകടത്തിയത്.
പിടികൂടിയ പൊലീസ് സംഘത്തില്‍ പ്രബേഷന്‍ എസ്.ഐ അനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എസ്. ബൈജു, ലിജോണ്‍, ഷാജു ചാതേലി എന്നിവരുണ്ടായിരുന്നു. പ്രതിയെ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.