വിഴിഞ്ഞം: 'അരിശം തീർക്കാൻ തല പിടിച്ച് മൂന്നുപ്രാവശ്യം വീടിന്റെ ചുമരിൽ ഇടിച്ചു, ചുറ്റികകൊണ്ട് ഉച്ചന്തലയിൽ അടിച്ച് വീഴ്ത്തിയശേഷം ആരുമറിയാതിരിക്കാൻ വേഗത്തിൽ മുങ്ങി'- കോവളത്തെ 14 കാരിയുടെ കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരമാണ് കൊലയാളികളായ മാതാവും മകനും കോവളം പൊലീസിന് മുന്നിൽ നിരത്തിയത്.
ബാലികയുടെ അയൽവീട്ടിൽ വാടകക്ക് താമസിക്കാനെത്തിയ വിഴിഞ്ഞം ടൗൺഷിപ് സ്വദേശി റഫീക്കയും (50) മകൻ ഷഫീക്കും (23) നടത്തിയ കൊടും ക്രൂരതയുടെ ചുരുളഴിക്കാൻ തിങ്കളാഴ്ച കോവളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് മനഃസാക്ഷിയെ നടുക്കിയ വെളിപ്പെടുത്തലുണ്ടായത്.
ഉപദ്രവകാരിയായ ഷഫീക്കിനെക്കുറിച്ചുള്ള വിവരം മാതാപിതാക്കളെ അറിയിക്കുമെന്നുള്ള കുട്ടിയുടെ വാക്കുകളാണ് കൊലയിലേക്ക് നയിച്ചത്.
മകനുമായുള്ള തർക്കം തീർക്കാനെത്തിയ ഷഫീക്കയോടും കയർത്ത് സംസാരിച്ച വിദ്യാർഥിനിയെ വകവരുത്തി വായടപ്പിക്കാനുള്ള തീരുമാനമാണ് അന്ന് നടപ്പാക്കിയത്. വഴക്ക് മൂത്തതോടെ ബലം പ്രയോഗിച്ച് കുട്ടിയുടെ തല ചുമരിൽ മൂന്ന് പ്രാവശ്യം ഇടിച്ചശേഷം ചുറ്റികകൊണ്ട് തലക്കടിച്ചു. അടിയും ഇടിയുമേറ്റ കുട്ടി തളർന്ന് കട്ടിലിൽ കിടന്നു. ഈ തക്കം നോക്കി മാതാവും മകനും രക്ഷപ്പെട്ടു.
2021 ജനുവരി 14 ന് രാവിലെ അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും മറ്റും മുന്നിട്ടുനിന്ന മാതാവും മകനും ഒന്നുമറിയാത്ത ഭാവം നടിച്ചു. മരണത്തിലുണ്ടായ ദുരൂഹത മാതാപിതാക്കളിലേക്ക് തിരിച്ചുവിട്ട് അവർക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ചോദ്യം ചെയ്യൽ കൃത്യമായി അറിഞ്ഞിരുന്ന റഫീക്കയും മകനും മറ്റൊരു കൊലക്ക് വട്ടംകൂട്ടുകയായിരുന്നു.
ആദ്യ കൊലക്ക് ശേഷം കൃത്യം ഒരുവർഷം കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 14ന് മുല്ലൂർ സ്വദേശി ശാന്തകുമാരിയെ അരുംകൊല നടത്തുന്നതുവരെ തുടർന്നു ഇവരുടെ മനസ്സിലെ നിഗൂഢത. ശാന്തകുമാരിയുടെ കൊലപാതകത്തിനും ഒരു മാസം മുമ്പ് വരെയും ബാലികയുടെ വീടിന് സമീപം താമസിച്ചിരുന്ന കൊലയാളികളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പൊലീസും മെനക്കെട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി 14 ന് മുല്ലൂരിൽ വയോധികയായ ശാന്തകുമാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ റിമാൻഡിലായിരുന്ന പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കോടതി കോവളം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
സ്റ്റേഷൻ പരിധിയിലെ മുട്ടയ്ക്കാട് സ്വദേശിനിയായ 14 കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും തെളിവെടുപ്പിനുമായാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
കോവളം സി.ഐ പ്രൈജുവിനാണ് അന്വേഷണ ചുമതല. കല്ലുവെട്ടാൻകുഴി തുംബ്ലിയോട് അഞ്ച് വർഷം മുമ്പ് നടന്ന യുവതിയുടെ ദുരൂഹ മരണത്തിലും ഇവരുടെ പങ്ക് സംശയിക്കുന്നതിനാൽ ഇക്കാര്യവും അന്വേഷിക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്യൽ തുടരുന്നതിനിടയിൽ ചൊവ്വാഴ്ച കൊല നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.