മുണ്ടക്കയം: പ്രളയത്തിൽ വീട് നഷ്ടമായ കുടുംബം വീണ്ടും വഴിയാധാരം. ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടമായ കൊക്കയാർ പഞ്ചായത്തിലെ മേലോരം-അഴങ്ങാട് മുണ്ടത്താനം ഫിലിപ്പാണ് തട്ടിപ്പിന് ഇരയായത്. വീടും പുരയിടവും നഷ്ടമായ ഫിലിപ്പും കുടുംബവും അന്തിയുറങ്ങാൻ വാടകവീട് തേടിയപ്പോൾ മുണ്ടക്കയത്തെ വസ്തു കച്ചവട ഇടനിലക്കാരൻ രണ്ടു വർഷത്തേക്ക് വീട് വാഗ്ദാനം നൽകി.
ഇതിനായി അഞ്ചര ലക്ഷം രൂപ ഡെപ്പോസിറ്റായി നൽകണമെന്നും അറിയിച്ചു. ഇതനുസരിച്ചു മുണ്ടക്കയം ബൈപാസിലെ വ്യക്തിയുടെ വീടിന് നാലര ലക്ഷം രൂപ അഡ്വാൻസായി നൽകി. തുടർന്ന് ഫിലിപ്പ് കുടുംബസമേതം ഇവിടെ താമസത്തിനെത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഈ വീട്ടിലെ നിലവിലെ വാടകക്കാർ ഒഴിയാൻ തയാറായില്ല. അവരോട് വാങ്ങിയ ലക്ഷങ്ങൾ തിരികെ നൽകാൻ വീട്ടുടമ തയാറാകാത്തതാണ് കാരണം. 11 ലക്ഷം രൂപക്കാണ് ഈ വീട് എടുത്തിരിക്കുന്നതെന്ന് നിലവിലെ താമസക്കാർ പറയുന്നു.
മുണ്ടക്കയം ചാച്ചികവലയിൽ മലേക്കുന്നേൽ ഉഷയുടെ ഉടമസ്ഥതയിലുള്ള രണ്ടുമുറിയും ഹാളും അടുക്കളയും അടങ്ങിയ വീടിനാണ് രണ്ടു വർഷത്തേക്ക് താമസിക്കാൻ ഫിലിപ്പ് പണം നൽകിയത്. ഇതിനായി കരാറും ഒപ്പിട്ടു. എന്നാൽ, നാലുമാസമായിട്ടും വീട് കൈമാറിയില്ല. ഇതോടെ തട്ടിപ്പിനെതിരെ ഫിലിപ്പ് മുണ്ടക്കയം പൊലീസിനെ സമീപിച്ചെങ്കിലും മാസം നാലു പിന്നിട്ടിട്ടും പരിഹാരമായില്ല. ഇതോടെ ഫിലിപ്പും കുടുംബം ഈ വീടിനു മുന്നിൽ താമസം തുടങ്ങി. വരാന്തയിൽ ഭക്ഷണമൊരുക്കി പിഞ്ചുകുട്ടികളുമായി വീട്ടുമുറ്റത്താണ് ഇവർ ഇപ്പോൾ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.