തൊടുപുഴ: ജില്ലയിൽ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ. ഒരുവർഷത്തിനിടെ നൂറോളം പരാതികളിലായി 25 ലക്ഷം രൂപയിലധികമാണ് തട്ടിപ്പുകാർ കൊണ്ടുപോയത്. അടിമാലിയിൽ കഴിഞ്ഞ ദിവസം വ്യാപാരിയിൽനിന്ന് പട്ടാളക്കാരൻ ചമഞ്ഞെത്തിയയാൾ അക്കൗണ്ട് വഴി 40,000 കവർന്നതും വിദേശത്ത് പഠനസൗകര്യമൊരുക്കി നൽകാമെന്ന് പറഞ്ഞ് അക്കൗണ്ട് വഴി 42,300 രൂപ കവർന്നതുമാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങൾ. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. പലരുടെയും അറിവില്ലായ്മ മുതലെടുത്താണ് തട്ടിപ്പുകൾ കളംപിടിക്കുന്നത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ നടന്ന തട്ടിപ്പിൽ പത്തിൽതാഴെ കേസുകൾ മാത്രമാണ് തെളിയിക്കാൻ കഴിഞ്ഞത്. കെ.വൈ.സി പൂരിപ്പിച്ച് നൽകാത്തതിനെത്തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചെന്നും വിവരങ്ങൾ നൽകിയാൽ പുതുക്കാമെന്നും ലക്ഷങ്ങൾ ലോട്ടറിയടിെച്ചന്നും അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ പണം നൽകാമെന്നും പറഞ്ഞുള്ള തട്ടിപ്പുകൾക്ക് പുറമെ ഒ.ടി.ടി വാങ്ങിയുള്ള തട്ടിപ്പ്, സമൂഹമാധ്യമങ്ങൾ വഴി ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പുകളും സജീവമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലാണ് പലപ്പോഴും അന്വേഷണം എത്തിനിൽക്കുന്നത്. സാധാരണക്കാരുടെ അക്കൗണ്ടുകൾ വാങ്ങിച്ച് അവർപോലും അറിയാതെയായിരിക്കും ഈ ഇടപാടുകൾ നടത്തുന്നത്. അന്വേഷിച്ചെത്തുന്നവർ ഇവരിലേക്കാകും എത്തുക. ഇത് അന്വേഷണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പിനിരയായവരിൽ ബാങ്ക് ഉദ്യോഗസ്ഥരും എൻജിനീയർമാരും
എൻജിനീയർമാർ മുതൽ ബാങ്ക് ജീവനക്കാർവരെ തട്ടിപ്പിനിരയാകുന്നുണ്ട്. പലതരത്തിലുള്ള രീതികളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ബാങ്കിൽനിന്നാണെന്ന് പറഞ്ഞ് വിളിച്ച് നടത്തുന്ന തട്ടിപ്പാണ് കൂടുതലും. നിങ്ങളുടെ കാർഡ് ബ്ലോക്കായെന്നും അതിനാൽ കാർഡിലെ വിവരങ്ങൾ വേണമെന്നും പറഞ്ഞ് വാങ്ങിയെടുത്ത് തട്ടിപ്പ് നടത്തും. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് നിങ്ങളുടെ കാർഡ് വിവരങ്ങൾ ചോദിച്ചാൽ ആരും നൽകരുതെന്ന് ബാങ്കുകൾ എപ്പോഴും മുന്നറിയിപ്പ് നൽകുന്നതാണെങ്കിലും ഈ തട്ടിപ്പിനിരയാകുന്നവർ കുറയുന്നില്ല. മറ്റൊന്ന് സമൂഹമാധ്യമ അക്കൗണ്ട് ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പാണ്. തട്ടിപ്പുകാർ നമ്മുടെ പേരിൽ മറ്റൊരു അക്കൗണ്ട് തുടങ്ങി നമ്മുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള ആളുകൾക്ക് റിക്വസ്റ്റ് അയക്കും. ഇതിനുശേഷം ഇവരെ മെസഞ്ചറിൽ ബന്ധപ്പെട്ട് ചില പ്രശ്നങ്ങളിലാണെന്നും കുറച്ച് പണം വേണമെന്ന് ആവശ്യപ്പെടും. പണം അയക്കേണ്ട അക്കൗണ്ട് നമ്പറും ഇതിലുണ്ടാകും. രണ്ടാമതൊന്ന് ആലോചിക്കാതെ പണമയക്കുന്നവരാണ് ഇവരുടെ ഇരകൾ. ഇങ്ങനെ സാഹചര്യം വന്നാൽ അവരെ നേരിൽവിളിച്ച് കാര്യമന്വേഷിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുകൂടാതെ യു.പി.ഐ ആപ്പുകളായ ഫോൺപേ, ഗൂഗ്ൾപേ, പേ.ടി.എം തുടങ്ങിയവയിൽ പണം റിക്വസ്റ്റ് ചെയ്ത് നടത്തുന്ന തട്ടിപ്പുകളും ഉണ്ട്. നിങ്ങൾക്ക് സമ്മാനം അടച്ചിട്ടുണ്ടെന്നും പണം ലഭിക്കാൻ യു.പി.ഐ പിൻ അടിക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. പിൻ അടിച്ചാൽ പണം അക്കൗണ്ടിൽനിന്ന് പോകും. ക്യൂ.ആർ കോഡ് അയച്ചുതന്ന് അവ സ്കാൻ ചെയ്യാൻ പറഞ്ഞും തട്ടിപ്പുകൾ നടക്കുന്നുണ്ട്. സ്കാൻ ചെയ്താൽ നേെര പെയ്മെൻറ് പേജിലാണ് എത്തുന്നത്. അവിടെയും നമ്മുടെ യു.പി.ഐ പിൻ ആവശ്യപ്പെടും. നമ്പർ നൽകാതിരിക്കുക എന്നതാണ് തട്ടിപ്പിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം. സമൂഹമാധ്യമങ്ങളിലെ വ്യാജ കച്ചവടക്കാരും തട്ടിപ്പ് നടത്തുന്നുണ്ട്. ഒറിജിനൽ സാധനങ്ങളെന്ന് പറഞ്ഞ് നിങ്ങളുടെ കാർഡ് വിവരങ്ങളടക്കം ഇവർ വാങ്ങി തട്ടിപ്പ് നടത്തുന്നുണ്ട്.
പഠനം സൗകര്യം വാഗ്ദാനം നൽകി തട്ടിപ്പ്; അന്വേഷണം തുടങ്ങി
അടിമാലി: കാനഡയിൽ പഠനസൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് 42,300 രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതം. അടിമാലി പൊളിഞ്ഞ പാലം സ്വദേശിയായ കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥെൻറ മകന് കാനഡയിൽ പഠനത്തിന് സൗകര്യമൊരുക്കി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
രണ്ടുമാസത്തിലേറെ ഫോണിലൂടെയും വാട്സ്ആപ്പിലൂടെ നിരന്തരം ബന്ധംസ്ഥാപിച്ച് 78,000 രൂപ മുടക്കിയാൽ പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഏജൻസിയിൽനിന്നുള്ള ചിലർ മുംബൈയിൽ എത്തിയിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങളുടെ പേരിൽ കേരളത്തിലേക്ക് വരുന്നതിന് താമസമുണ്ടാകുമെന്നും അറിയിച്ചു. തുടർന്ന് അത്യാവശ്യമായി കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടു. സംഭാഷണത്തിലും മറ്റും അസ്വാഭാവികത കാണാതിരുന്നതിനെത്തുടർന്ന് അക്കൗണ്ട് വഴി പണം നൽകിയതായാണ് പരാതിയിൽ പറയുന്നത്. 42,300 രൂപയാണ് അക്കൗണ്ടിലൂടെ നൽകിയത്. ഇതിന് തൊട്ടുമുമ്പ് മൂന്നാറിൽ തങ്ങുന്ന പട്ടാള ക്യാമ്പിൽനിന്നുള്ള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പച്ചക്കറി വാങ്ങാനെന്ന പേരിൽ ഇരുന്നൂറേക്കറിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിൽനിന്ന് 40,000 രൂപയും അടിമാലിയിൽനിന്ന് തട്ടിയെടുത്തിരുന്നു. രണ്ടുമാസം മുമ്പ് ദേവികുളം സബ് കലക്ടർ, അടിമാലിയിലെ മുൻ ബേക്കറി ഉടമ എന്നിവരുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടിയെടുക്കാനും ശ്രമം നടന്നിരുന്നു.
തട്ടിപ്പിന് കാരണം: അറിവില്ലായ്മയും ജാഗ്രതക്കുറവും-കെ. പ്രേം കുമാർ, ഇടുക്കി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ
സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഒട്ടേറെ ലഭിക്കുന്നുണ്ട്. ഒരുപരിധി വരെ ജാഗ്രതക്കുറവും അറിവില്ലായ്മയുമാണ് തട്ടിപ്പിനിരയാകാൻ പ്രധാന കാരണം. ബാങ്കുകളുടെ സുരക്ഷ വീഴ്ചയും ഒരു കാരണമാണ്. പണം നഷ്ടമാകുന്നവര്‍ കഴിവതും രണ്ടുമണിക്കൂറിനുള്ളില്‍ വിവരമറിയിച്ചാല്‍ അക്കാര്യം പൊലീസ് ബാങ്ക്/മൊബൈല്‍ വാലറ്റ് അധികൃതരെ അറിയിച്ച് പണം കൈമാറ്റം തടയാൻ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽെപട്ടാൽ 155260 നമ്പറിൽ ബന്ധപ്പെടാം. പരാതി ലഭിച്ചാൽ ഏത് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷിക്കും. അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാൻ കഴിയും. കേസുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്.
സൂക്ഷിക്കണം; പണമിടപാടുകളിലെ തട്ടിപ്പ്
ഉപഭോക്താവിനെ കബളിപ്പിച്ച് വണ്‍ടൈം പാസ്വേഡ് (ഒ.ടി.പി) പിൻ നമ്പർ എന്നിവ ചോർത്തിയെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകള്‍ വർധിക്കുന്നതായി സൈബർവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട് . ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ ഈ തട്ടിപ്പുകളെ തടയാൻ കഴിയുമെന്നും ഇവർ പറയുന്നു.
ഒ.ടി.പി നമ്പര്‍ ആർക്കും കൈമാറാതിരിക്കുക
അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക
ആരെങ്കിലും വിളിച്ചുപറയുന്ന സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക
കെ.വൈ.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ വിളിച്ച് ചോദിച്ചാൽ നേരിട്ട് ബാങ്കിലെത്തി കാര്യം തിരക്കുക
തട്ടിപ്പിന് ഇരയായാല്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണം
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ് സന്ദേശം ഡിലീറ്റ് ചെയ്യരുത്
സ്പാം കാളുകള്‍, ഇ-മെയിലുകള്‍, എസ്.എം.എസുകള്‍ എപ്പോഴും സംശയത്തോടെ കാണുക
വേരിഫിക്കേഷനുവേണ്ടിയെന്ന വ്യാജേന അയച്ചുകിട്ടുന്ന ക്യു.ആര് കോഡ് സ്കാന്‍ ചെയ്യരുത്. അവ പേമെൻറ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.