മാർത്താണ്ഡം: കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പഞ്ചായത്ത് പ്രസിഡൻറ്, ഇവരുടെ ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ നാഗർകോവിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലഞ്ചി പഞ്ചായത്ത് പ്രസിഡൻറ് സലോമി, ഭർത്താവ് ശോഭിതരാജ്, സുഹൃത്ത് സിന്ധു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലഞ്ചി കാവുമൂല സ്വദേശി അരുൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അരുണിനെ കൂടാതെ നിരവധി പേരെ കബളിപ്പിച്ചതായി ജില്ല പൊലീസ് മേധാവിക്കും സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിനും നിരവധിയിടങ്ങളിൽനിന്ന് പരാതികൾ ലഭിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
അരുണിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം വാങ്ങിയ ശേഷം ഡൽഹിയിൽ ജോലി ലഭിച്ചതായി വ്യാജ സന്ദേശം അയക്കുകയായിരുന്നു. ഇൻറർവ്യൂവിനായി ഡൽഹിയിലെത്തിയ അരുൺ ആറുമാസം അലഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നാട്ടിലെത്തി രൂപ തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ചുപേരെയും പൊലീസ് തിരയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.