നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. എറണാകുളം കോതമംഗലം പോത്താനിക്കാട് പൂളിന്താനം കോളനി കമ്യൂണിറ്റി ഹാളിന് സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ താമസിക്കുന്ന രാജേഷി(38)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ 26ന് രാവിലെ പരീക്ഷക്കെന്ന് പറഞ്ഞുപോയ പെൺകുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെനിന്ന് കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളുമായി ഒരു ബന്ധവുമില്ലാതിരുന്ന ഇയാൾ മൂവാറ്റുപുഴയിൽനിന്ന് പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്തു.
നെടുമങ്ങാട് പോലീസിന്റെ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിലെ ഒരു ചേരിയിലെ വീട്ടിൽനിന്ന് ഭാര്യാ ഭർത്താക്കന്മാരായി താമസിച്ചുവരികയായിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സൂര്യ, എ.എസ്.ഐ നൂറുൽ ഹസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ് ബാബു, ബാദുഷ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.